മുതിർന്നവർക്ക് മുൻഗണന; പ്രായമായ യാത്രക്കാർക്ക് പ്രത്യേക കോച്ചുകളൊരുക്കി റെയിൽവേ

മുംബൈ: മുതിർന്ന യാത്രക്കാർക്കായി ട്രെയിനുകളിൽ പ്രത്യേക കോച്ച് വരുന്നു. മുംബൈ ഛത്രപതി ശിവജി ടെർമിനസ് ഡോംബിവിലി പാസഞ്ചർ എമുവിലാണ് പ്രത്യേക കോച്ച് സ്ഥാപിച്ചത്. മുതിർന്ന യാത്രക്കാരുടെ അസൗകര്യങ്ങൾ കണക്കിലെടുത്താണ് റെയിൽവേ ഇത്തരമാെരു പദ്ധതി കൊണ്ടുവന്നത്. ട്രെയിനിലെ ആറാമത്തെ കോച്ചിന്റെ ലഗേജ് മുതിർന്ന യാത്രക്കാർക്ക് വേണ്ടി മാറ്റിയാണ് പ്രത്യേക കോച്ച് തയാറാക്കിയത്.
മൂന്ന്, രണ്ട് സീറ്റ് യൂണിറ്റുകളായാണ് ഇരിപ്പിടസൗകര്യം ഒരുക്കിയിരിക്കുന്നത്. പ്രായമായവരുടെ സുരക്ഷ കണക്കിലെടുത്ത് പ്രത്യേക ഒരുക്കങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യങ്ങളിൽ ഏറെ ബുദ്ധിമുട്ടോടെയാണ് മുതിർന്ന പൗരന്മാർ ട്രെയിനിൽ യാത്ര ചെയ്യുന്നത്.
പലപ്പോഴും സീറ്റുകൾ ലഭിക്കാതെ കഷ്ടപ്പെടുകയും ഇത് പല ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് വെല്ലുവിളിയാവുകയും ചെയ്യാറുണ്ട്. എന്നാൽ പ്രത്യേക കോച്ചുകൾ കൊണ്ടുവന്നാൽ മുതിർന്ന യാത്രക്കാർക്ക് ഏറെ സഹായകമായിരിക്കും. ഇത്തരം കോച്ചുകൾ കേരളത്തിലും ഉടൻ വരുമെന്നാണ് വിവരം.