പ്രാര്‍ഥനകള്‍ ഫലം കണ്ടു..! വാല്‍പ്പാറ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട പത്തുവയസുകാരി ആശുപത്രി വിട്ടു

 
ma

മലപ്പുറം: വാല്‍പ്പാറയില്‍ പത്തുപേരുടെ ജീവനെടുത്ത വാഹനാപകടത്തില്‍ നിന്ന് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ട പത്തുവയസുകാരി മസ്‌നീന്‍ ആശുപത്രി വിട്ടു. വയറ്റില്‍ ആന്തരിക രക്തസ്രാവമുണ്ടായിരുന്ന മസ്‌നീന്‍ നാലു ദിവസമായി പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെ സര്‍ജിക്കല്‍ ഐസിയുവില്‍ ചികിത്സയിലായിരുന്നു. കുട്ടി പൂര്‍ണമായി സുഖം പ്രാപിച്ചതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇതോടെയാണ് പിതാവ് അബ്ദുള്‍ ഹക്കീമിനും ബന്ധുക്കള്‍ക്കും ഒപ്പം അവള്‍ വീട്ടിലേക്ക് മടങ്ങിയത്.

അപകടത്തില്‍ മാതാവ് മരിച്ച വിവരം ഇപ്പോഴും മസ്‌നീന്‍ അറിഞ്ഞിട്ടില്ല. കുറച്ച് ദിവസത്തെ വിശ്രമത്തിനു ശേഷം കുട്ടിയെ വിവരം അറിയിച്ചാല്‍ മതിയെന്ന് സൈക്കോളജിസ്റ്റുകള്‍ നിര്‍ദേശിക്കുകയായിരുന്നു. പാങ്ങ് ജിയുപി സ്‌കൂളിലെ എൽപി വിഭാഗം അധ്യാപികയായ ഷക്കീല അപകട സ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. ചുരത്തിന്റെ 13ാം വളവിൽനിന്ന് ഒമ്പതാം വളവിലേക്ക് വീണ് തകർന്നടിഞ്ഞ വാഹനത്തിന്റെ ഉള്ളിൽനിന്ന് അപകടം കണ്ട് ഓടിയെത്തിയ ഒരു ടാക്‌സി ഡ്രൈവറാണ് മസ്‌നീനെ പുറത്തെടുത്തത്.

പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിയെ പിതാവ് എത്തിയാണ് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലേക്ക് മാറ്റിയത്. പാങ്ങ് ജിയുപി സ്‌കൂളിൽ നിന്ന് അഞ്ചാം തരം പരീക്ഷ കഴിഞ്ഞിരിക്കുകയാണ് മസ്‌നീൻ. ടൂർ പോയ പാങ്ങ് ജിഎൽ പി സ്‌കൂളിലാണ് നാലാംക്ലാസ് വരെ പഠിച്ചത്.

അതേസമയം, അപകടത്തിൽ കോയമ്പത്തൂരിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പാങ്ങ് ജിഎൽപി സ്കൂൾ ബസ് ഡ്രൈവർ നൗഷാദ് ‍മരിച്ചു. കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ആയിരുന്ന നൗഷാദ് ഇന്ന് രാവിലെയാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഷഹദിൻ, മുഹമ്മദ് ഫായിസ് എന്നിവർ കോയമ്പത്തൂരിൽ ചികിത്സയിൽ തുടരുകയാണ്.

Tags

Share this story

From Around the Web