ലോകസമാധാനത്തിനായി പ്രാർഥിക്കുക: സമർപ്പിതരോട് പൊന്തിഫിക്കൽ ഫൗണ്ടേഷന്റെ അഭ്യർഥന

ആഗസ്റ്റ് 14 ന്, പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗാരോപണ തിരുനാളിന്റെ തലേന്ന് ലോകസമാധാനത്തിനായി പ്രാർഥിക്കാനും ഉപവസിക്കാനും ഇന്റർനാഷണൽ യൂണിയൻ ഓഫ് സുപ്പീരിയേഴ്‌സ് ജനറലും പൊന്തിഫിക്കൽ ഫൗണ്ടേഷൻ എയ്ഡ് ടു ദി ചർച്ച് ഇൻ നീഡും (ACN) സംയുക്തമായി ആഹ്വാനം ചെയ്തു. ഓഗസ്റ്റ് 13 നു പുറത്തിറക്കിയ ഒരു പ്രസ്താവനയിലൂടെയാണ് ഇക്കാര്യം പറഞ്ഞത്.
“സംഘർഷം ഉള്ളിടത്തെല്ലാം സ്ത്രീകളും കുട്ടികളും പാർശ്വവൽക്കരിക്കപ്പെടുന്നു. മിക്കപ്പോഴും അവരാണ് ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത്. സന്യാസിനിമാർ പലപ്പോഴും യുദ്ധമുഖങ്ങളിൽ മുൻനിരയിലുണ്ട്. സ്വന്തം സുരക്ഷ കണക്കിലെടുക്കാതെ നിരപരാധികളെ കഴിയുന്ന വിധത്തിൽ അവർ സഹായിക്കുന്നു. അതിനാൽ, യുദ്ധത്തെ അപലപിക്കുന്നതിലും സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി ആഹ്വാനം ചെയ്യുന്നതിലും സന്യാസിനിമാർ നേതൃത്വം നൽകുന്നത് വളരെ അഭിനന്ദനീയമാണ്” – പൊന്തിഫിക്കൽ ഫൗണ്ടേഷൻ പറഞ്ഞു.
ഗാസ, സുഡാൻ, ഉക്രൈൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നടക്കുന്ന യുദ്ധങ്ങളെ ചൂണ്ടിക്കാട്ടി, ലോകമെമ്പാടുമുള്ള 1,903 ജനറൽമാർ ഉൾപ്പെടുന്ന ഇന്റർനാഷണൽ യൂണിയൻ ഓഫ് സുപ്പീരിയേഴ്‌സ് ജനറൽ ഒന്നിച്ചുകൂടി, പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗാരോപണ തിരുനാളിനു മുന്നോടിയായി ഓഗസ്റ്റ് 14 ന് ലോകം ഉപവാസത്തിന്റെയും പ്രാർഥനയുടെയും ദിനത്തിൽ ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്തു.