ക്രൈസ്തവർക്കിടയിൽ ഐക്യത്തിനായി പ്രാർഥിക്കുക: സഭൈക്യവാരത്തിന് തുടക്കം കുറിച്ചുകൊണ്ട് ലെയോ പാപ്പ
രണ്ട് നൂറ്റാണ്ടുകൾ പഴക്കമുള്ള സഭൈക്യ പ്രാർഥനാവാരത്തിന്റെ ഉദ്ഭവത്തെക്കുറിച്ച് അനുസ്മരിച്ചുകൊണ്ട് ലെയോ പതിനാലാമൻ മാർപാപ്പ. ജനുവരി 18 ന് ആഞ്ചലൂസ് പ്രാർഥനകൾക്കു ശേഷമാണ്, ജനുവരി 18 മുതൽ 25 വരെയുള്ള സഭൈക്യവാരത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് പാപ്പ സംസാരിച്ചത്.
ഈ വർഷത്തെ സഭൈക്യവാരത്തിന്റെ പ്രമേയം വി. പൗലോസ് എഫേസ്യർക്കെഴുതിയ കത്തിൽ നിന്നാണ് എടുത്തതെന്ന് മാർപാപ്പ അനുസ്മരിച്ചു. “നിങ്ങളുടെ വിളിയുടെ ഏക പ്രത്യാശയിലേക്ക് നിങ്ങളെ വിളിച്ചതുപോലെ ഒരു ശരീരവും ഒരു ആത്മാവും ഉണ്ട്” (എഫേ. 4:4).
അർമേനിയൻ അപ്പസ്തോലിക് സഭയുടെ മതാന്തരബന്ധങ്ങൾക്കായുള്ള വകുപ്പ് ഏകോപിപ്പിച്ച ഒരു എക്യുമെനിക്കൽ ഗ്രൂപ്പാണ് ഈ വർഷത്തെ സഭൈക്യവാര പ്രാർഥനകളും ചിന്തകളും തയ്യാറാക്കിയത്. “എല്ലാ കത്തോലിക്കാ സമൂഹങ്ങളെയും എല്ലാ ക്രൈസ്തവരുടെയും പൂർണ്ണവും ദൃശ്യവുമായ ഐക്യത്തിനായി ഈ ദിവസങ്ങളിൽ ശക്തമായി പ്രാർഥിക്കാൻ ഞാൻ ആഹ്വാനം ചെയ്യുന്നു” – ലെയോ പാപ്പ പറഞ്ഞു.