യുദ്ധബാധിതപ്രദേശങ്ങളിൽ സമാധാനത്തിനായി പ്രാർഥിക്കുക: ലെയോ പതിനാലാമൻ പാപ്പ

വിശുദ്ധനാടുകളിലും, ഉക്രൈനിലും, യുദ്ധം നടക്കുന്ന ലോകത്തിന്റെ മറ്റെല്ലാ പ്രദേശങ്ങളിലും സമാധാനത്തിനായി നിരന്തരം പ്രാർഥിക്കാൻ ലെയോ പതിനാലാമൻ പാപ്പ ആഹ്വാനം ചെയ്തു. സെപ്റ്റംബർ ഏഴിന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ വിശ്വാസികളോടൊപ്പമുള്ള ആഞ്ചലൂസ് പ്രാർഥനാവേളയിലാണ് മാർപാപ്പ ഇപ്രകാരം അനുസ്മരിപ്പിച്ചത്.
”വിശുദ്ധരുടെയും കന്യാമറിയത്തിന്റെയും മാധ്യസ്ഥം വഴി ലോകസമാധാനത്തിനായി പ്രാർഥനകൾ തുടരാം. ദൈവം യുദ്ധം ആഗ്രഹിക്കുന്നില്ല. ദൈവം സമാധാനമാണ് ആഗ്രഹിക്കുന്നത്. ആയുധങ്ങളിലൂടെ നേടുന്ന വിജയങ്ങൾ, മരണവും നാശവും വിതയ്ക്കുന്നതിനാൽ, അവ യഥാർത്ഥത്തിൽ പരാജയങ്ങളാണ്. അവ ഒരിക്കലും സമാധാനമോ സുരക്ഷയോ നൽകുന്നില്ല” എന്ന് പറഞ്ഞുകൊണ്ട് ലോകനേതാക്കളോട് മനസ്സാക്ഷിയുടെ സ്വരം ശ്രവിക്കാൻ പാപ്പ ആവശ്യപ്പെട്ടു.
പിയർ ജോർജിയോ ഫ്രസാറ്റിയുടെയും കാർലോ അക്കുത്തിസിന്റെയും വിശുദ്ധ പദവി പ്രഖ്യാപനത്തിന് ശേഷം നടന്ന സമൂഹബലിക്കൊടുവിലും പാപ്പ സമാധാനത്തിനായി ആഹ്വാനം ചെയ്തിരുന്നു. വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്ത എൺപതിനായിരത്തിലധികം വരുന്ന ആളുകളോടുള്ള നന്ദിയും പാപ്പ അറിയിച്ചു.