കണ്ണൂരിൽ സിപിഎം നേതൃത്വത്തിനെതിരെ പടയൊരുക്കം, പിണറായിക്കും ഗോവിന്ദനുമെതിരെ പോസ്റ്ററുകൾ, പി. ജയരാജനായി മുറവിളി

 
kannur cpim

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിലും അണികൾക്കിടയിലും കലാപം രൂക്ഷമാകുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവർക്കെതിരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പോസ്റ്ററുകളും ഫ്ലക്സുകളും പ്രത്യക്ഷപ്പെട്ടു. പി. ജയരാജനെ പാർട്ടിയുടെ തലപ്പത്തേക്ക് കൊണ്ടുവരണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.

ജില്ലയിലെ പാർട്ടി ഗ്രാമങ്ങളിൽ അസാധാരണമായ ഈ പ്രതിഷേധത്തിന് പിന്നിൽ മൂന്ന് പ്രധാന കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണവിധേയനായ ടി.ഐ. മധുസൂദനനെ വീണ്ടും സ്ഥാനാർത്ഥിയാക്കിയത് അണികൾക്കിടയിൽ കടുത്ത അതൃപ്തിയുണ്ടാക്കി. വി. കുഞ്ഞികൃഷ്ണൻ തെളിവ് സഹിതം പരാതി നൽകിയിട്ടും നേതൃത്വം നടപടിയെടുത്തില്ലെന്ന പരാതി ശക്തമാണ്. എം.വി. ഗോവിന്ദന് പിന്നാലെ ഭാര്യ പി.കെ. ശ്യാമളയെ തളിപ്പറമ്പിൽ സ്ഥാനാർത്ഥിയാക്കിയത് ശരിയായ നടപടിയായില്ലെന്നാണ് വിമർശനം. ടി.കെ. ഗോവിന്ദൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പാർട്ടി വിട്ടുപോയിട്ടും നേതൃത്വം അനുനയത്തിന് ശ്രമിച്ചില്ല.

മട്ടന്നൂരിൽ നിന്ന് കെ.കെ. ശൈലജയെ പേരാവൂരിലേക്ക് മാറ്റിയത് അവരെ ഒതുക്കാനുള്ള ബോധപൂർവ്വമായ നീക്കമായി അണികൾ കാണുന്നു. ഇതിനെതിരെ മുഖ്യമന്ത്രിയുടെ നാട്ടിൽ തന്നെ ഫ്ലക്സുകൾ ഉയർന്നു. "പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന നേതാക്കൾ വേണ്ട" എന്ന തലക്കെട്ടിൽ മൊറാഴ സഖാക്കളുടെ പേരിലാണ് പോസ്റ്ററുകൾ. "വ്യക്തിയല്ല, പാർട്ടിയാണ് വലുത്" എന്ന് മുഖ്യമന്ത്രിയെ ഓർമ്മിപ്പിക്കുന്ന ഫ്ലക്സുകൾ മട്ടന്നൂരിൽ ഉയർന്നു. പാർട്ടിയെ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാൻ പി. ജയരാജൻ നേതൃത്വത്തിലേക്ക് വരണമെന്നാണ് ഇവിടുത്തെ പോസ്റ്ററുകളിലെ ആവശ്യം.

പാർട്ടി ഗ്രാമങ്ങളിൽ പോലും ഇത്രയേറെ പ്രതിഷേധങ്ങൾ ഉയർന്നിട്ടും സിപിഎം ജില്ലാ നേതൃത്വം ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ജില്ലയിൽ മാത്രം ഒന്നേമുക്കാൽ ലക്ഷത്തോളം വോട്ടുകൾ പാർട്ടിയെ കൈവിട്ടു എന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. അണികൾക്കിടയിലെ ഈ പരസ്യമായ കലാപം പാർട്ടിക്ക് വരും ദിവസങ്ങളിൽ വലിയ തലവേദനയാകും.

Tags

Share this story

From Around the Web