ഇന്ത്യയില്‍ ശുഭകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നു'; വിവാദങ്ങള്‍ക്കിടെ വീണ്ടും മോദി സ്തുതിയുമായി ശശി തരൂര്‍, ഉദാരവത്കരണത്തിലേക്കും ആഗോളവത്കരണ നയങ്ങളിലേക്കുമുള്ള ഇന്ത്യയുടെ മാറ്റം ശുഭകരമെന്നും തരൂര്‍

നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും വീണ്ടും പ്രശംസിച്ച് ശശി തരൂര്‍. ലണ്ടനില്‍ നടത്തിയ പ്രസംഗത്തിലാണ് തരൂരിന്റെ പ്രശംസ. ഇന്ത്യയില്‍ ശുഭകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നുവെന്ന് ശശി തരൂര്‍
ഊര്‍ജസ്വലമായ നേതൃത്വത്തിന് കീഴിലാണ് ഇത് സംഭവിക്കുന്നത്. കോണ്‍ഗ്രസിന്റെ ഇടതുപക്ഷ നയങ്ങളില്‍ നിന്നും ഇന്ത്യ മാറിയെന്നും ശശി തരൂര്‍ പറഞ്ഞു. ഉദാരവത്കരണത്തിലേക്കും ആഗോളവത്കരണ നയങ്ങളിലേക്കുള്ള ഇന്ത്യയുടെ മാറ്റം ശുഭകരമെന്നും തരൂര്‍ പറഞ്ഞു. ശശി തരൂര്‍ കോണ്‍ഗ്രസ് വിട്ട് എന്‍ഡിഎയിലേക്ക് ചേക്കേറുന്നുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടയാണ് വീണ്ടും മോദി സ്തുതിയുമായി തരൂർ രംഗത്തെത്തിയിരിക്കുന്നത്.
നേരത്തെ ദി ഹിന്ദു ദിനപത്രത്തില്‍ എഴുതിയ 'ലെസണ്‍സ് ഫ്രം ഓപ്പറേഷന്‍ സിന്ദൂര്‍സ് ഗ്ലോബല്‍ ഔട്ട്റീച്ച്' എന്ന ലേഖനത്തിലാണ് ഓപ്പറേഷന്‍ സിന്ദൂറിനെയും പ്രധാനമന്ത്രി മോദിയെയും തരൂര്‍ പ്രശംസിച്ചത്. പ്രധാനമന്ത്രി മോദിയുടെ ഊര്‍ജവും ചലനാത്മകതയും ചര്‍ച്ചകള്‍ക്ക് കാണിക്കുന്ന തുറന്ന മനസും ആഗോള തലത്തില്‍ ഇന്ത്യക്ക് വലിയ മുതല്‍ക്കൂട്ടാണെന്നാണ് ലേഖനത്തില്‍ തരൂര്‍ പുകഴ്ത്തിയത്. മോദി പ്രശംസയില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ ശശി തരൂരിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
അതേസമയം ശശി തരൂരിനെതിരെ ഒരു വിഭാഗം നേതാക്കള്‍ നടപടി എടുക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി സര്‍വേയും അടിയന്തരാവസ്ഥ കാലത്തെയും ഇന്ദിരാ ഗാന്ധിയെയും സഞ്ജയ് ഗാന്ധിയെയും വിമര്‍ശിച്ചുകൊണ്ട് എഴുതിയ ലേഖനവും തരൂരിന് തലവേദന സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നേതാക്കള്‍ നടപടി വേണമെന്ന ആവശ്യമുന്നയിച്ചിരിക്കുന്നതെന്നാണ് സൂചന. എ്‌നാല്‍ നേതൃത്വം ഇപ്പോഴും ഇതുസംബന്ധിച്ച് മറുപടിയൊന്നും നല്‍കിയിട്ടില്ല.
ബിജെപിയുമായി അടുക്കാനുള്ള ശശി തരൂരിന്റെ നീക്കമാണോ ഇതെന്ന് നേതൃത്വം സംശയിക്കുന്നുണ്ട്. അതിനാല്‍ തരൂരിന് ബിജെപിയിലേക്കുള്ള വഴി കോണ്‍ഗ്രസ് ആയി ഒരുക്കേണ്ടതില്ല എന്ന നിലപാടിലാണ് നേതൃത്വം.
അതേസമയം ശശി തരൂരുമായി ബന്ധപ്പെട്ട വിഷയത്തില്‍ യുഡിഎഫ് അഭിപ്രായം പറയേണ്ട ഘട്ടം എത്തിയിട്ടില്ലെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. കോണ്‍ഗ്രസ് അഭിപ്രായം പറഞ്ഞു കഴിയട്ടെ. അവര്‍ ആദ്യം തീരുമാനിക്കട്ടെ, യുഡിഎഫ് അഭിപ്രായം പറയേണ്ട ഘട്ടം എത്തിയിട്ടില്ല എന്നുമാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.