മാർപാപ്പയുടെ സന്ദർശനം ഇക്വറ്റോറിയൽ ഗിനിയയിൽ പുതിയ ഉണർവ് നൽകി: ബിഷപ്പ് ബെക്ക

 
333

ലെയോ പതിനാലാമൻ മാർപാപ്പയുടെ അപ്പസ്തോലിക സന്ദർശനം ഇക്വറ്റോറിയൽ ഗിനിയയിലെ സഭയ്ക്കും സമൂഹത്തിനും പുതിയ ഊർജ്ജം പകർന്നതായി ബിഷപ്പ് കോൺഫറൻസ് പ്രസിഡന്റ് ബിഷപ്പ് ജുവാൻ ഡൊമിംഗോ ബെക്ക എസോനോ അയാങ്. അനുരഞ്ജനം, വൈവിധ്യങ്ങളോടുള്ള ആദരവ്, സാമൂഹിക പ്രതിബദ്ധത എന്നിവയിലൂടെ രാജ്യത്ത് മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സന്ദർശനം പ്രേരണയാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഏപ്രിൽ 23-നാണ് അൾജീരിയ, കാമറൂൺ, അംഗോള, ഗിനിയ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട തന്റെ ആഫ്രിക്കൻ പര്യടനം പൂർത്തിയാക്കി മാർപാപ്പ റോമിലേക്ക് മടങ്ങിയത്. സഭയ്ക്കുള്ളിൽ മാത്രമല്ല, പൊതുസമൂഹത്തിലും വലിയ ചലനങ്ങൾ സൃഷ്ടിച്ച ഒന്നായിരുന്നു ഈ ചരിത്ര സന്ദർശനം.

അടുത്തിടെ രൂപതകളുടെ എണ്ണം മൂന്നിൽ നിന്ന് അഞ്ചായി വർധിപ്പിച്ച ഇക്വറ്റോറിയൽ ഗിനിയയിലെ സഭ, മാർപാപ്പയുടെ സന്ദർശനത്തെ തങ്ങളുടെ ദൗത്യത്തിലെ പുതിയ ഘട്ടമായാണ് കാണുന്നത്. ‘തയ്യാറെടുക്കുക, സ്വീകരിക്കുക, ജീവിക്കുക’ എന്ന മൂന്ന് കാര്യങ്ങളാണ് വിശ്വാസികളോട് ബിഷപ്പ് ആവശ്യപ്പെടുന്നത്.

മാർപാപ്പ നൽകിയ അനുഗ്രഹം സ്വീകരിച്ച നാം ഇനി അത് ജീവിതത്തിൽ പകർത്തി ബന്ധങ്ങളിൽ മാറ്റം വരുത്താനാണ് ശ്രമിക്കേണ്ടതെന്ന് ബിഷപ്പ് ബെക്ക കൂട്ടിച്ചേർത്തു. ലെയോ പതിനാലാമൻ മാർപാപ്പ നൽകിയ മഹത്തായ പൈതൃകം ഉൾക്കൊണ്ട് സാമൂഹികവും ആത്മീയവുമായ നവീകരണത്തിനാണ് രാജ്യം ഇപ്പോൾ ഒരുങ്ങുന്നത്.

Tags

Share this story

From Around the Web