ആർച്ച് ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ ഉൾപ്പടെ 54 മെത്രാപ്പോലീത്തമാർക്ക് പാപ്പ ഇന്ന് പാലീയം നല്കും

ഇന്ന് വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ വെച്ചു നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാന മധ്യേ ലെയൊ പതിനാലാമൻ പാപ്പ ആർച്ച്ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ ഉൾപ്പടെ 54 മെത്രാപ്പോലീത്തമാർക്ക് പാലീയം നല്കും. ഇന്ത്യയിൽ നിന്നും മൂന്നു മെത്രാന്മാർ ഉൾപ്പെടെ വിവിധരാജ്യക്കാരായ മെത്രാന്മാർ പാലീയം സ്വീകരിക്കും.
പാപ്പായുമായുള്ള കൂട്ടായ്മയുടെയും അജപാലന ശുശ്രൂഷയുടെയും അധികാരഉത്തരവാദിത്വങ്ങളുടെയും സമാധാനവും ഐക്യവും ഉയർത്തിപ്പിടിക്കാനുള്ള പ്രതിബദ്ധതയുടെയും അടയാളമായി ധരിക്കുന്നതും ഇരുതോളുകളിലുടെ കഴുത്തുചുറ്റി നെഞ്ചിൻറെ മദ്ധ്യത്തിലൂടെ മുന്നോട്ടും പിന്നോട്ടും നീണ്ടുകിടക്കുന്നതും കുരിശുകളുള്ളതും ആട്ടിൻരോമത്താൽ നിർമ്മിതവുമാണ് പാലീയം.
പാലീയം സ്വീകരിക്കുന്ന ഇന്ത്യക്കാരായ മെത്രാപ്പോലീത്താമാർ, കോഴിക്കോടു അതിരൂപതയുടെ ആർച്ച്ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ, ബോംബെ അതിരൂപതയുടെ ആർച്ച്ബിഷപ്പ് ജോൺ റൊഡ്രീഗസ്, വിശാഖപട്ടണം അതിരൂപതയുടെ ആർച്ച്ബിഷപ്പ് ഉടുമല ബാല ഷോറെഡി എന്നിവരാണ്.
ഇന്ന് രാവിലെ റോമിലെ സമയം 9.30-ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1 മണിക്ക് ആയിരിക്കും ദിവ്യബലി ആരംഭിക്കുക. കോൺസ്റ്റൻറിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കേറ്റിൻറെ പ്രതിനിധിസംഘവും ഈ വിശുദ്ധ കുർബ്ബാനയിൽ പങ്കുകൊള്ളും.