യുദ്ധബാധിതരായ കുട്ടികൾക്കായി അമേരിക്കയിൽ പോപ്പ് മൊബൈൽ പര്യടനം
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന കുട്ടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ലെയോ പതിനാലാമൻ മാർപാപ്പയുടെ ഔദ്യോഗിക വാഹനമായ ‘പോപ്പ് മൊബൈൽ’ അമേരിക്കൻ വീഥികളിൽ പര്യടനം നടത്തുന്നു. ‘അമേരിക്കൻ കാത്തലിക് ഹീറോസ്: ദി റോഡ് ട്രിപ്പ് ഫോർ ഹോപ്പ് ‘ എന്ന് പേരിട്ടിരിക്കുന്ന ഈ യാത്രയിലൂടെ സമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ധനസമാഹരണം നടത്തുകയുമാണ് ലക്ഷ്യം.
ഏപ്രിൽ 28 -ന് വത്തിക്കാനിൽ നടന്ന ചടങ്ങിൽ വച്ച് പോപ്പ് മൊബൈലിന്റെ താക്കോൽ ‘ക്രോസ് കാത്തലിക് ഔട്ട്‌റീച്ച്’ പ്രസിഡന്റ് മിഷേൽ സഗാരിനോയ്ക്ക് കൈമാറി.
അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250 -ാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ഈ യാത്രയിൽ പോപ്പ് മൊബൈലിനെ ഒരു ‘പ്രതീക്ഷയുടെ വാഹനം’ എന്നാണ് സംഘാടകർ വിശേഷിപ്പിക്കുന്നത്. ന്യൂയോർക്ക്, വാഷിംഗ്ടൺ, സെന്റ് ലൂയിസ് തുടങ്ങിയ നഗരങ്ങൾ സന്ദർശിക്കുന്ന യാത്രയുടെ ഭാഗമായി വൻകിട ലേലങ്ങളും സംഘടിപ്പിക്കും. ഇതിൽ നിന്ന് ലഭിക്കുന്ന തുക വത്തിക്കാന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും.
പാവപ്പെട്ടവരോടുള്ള സ്നേഹം ക്രൈസ്തവ ജീവിതത്തിന്റെ നട്ടെല്ലായിരിക്കണമെന്ന ലെയോ പതിനാലാമന്റെ ആഹ്വാനമുൾക്കൊണ്ടാണ് ഈ ദൗത്യം മുന്നോട്ട് പോകുന്നത്. ആത്മീയ സഹായത്തിന് പുറമെ ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം തുടങ്ങിയ മേഖലകളിൽ 32 രാജ്യങ്ങളിൽ സേവനം നടത്തുന്ന സംഘടനയാണ് ക്രോസ് കാത്തലിക് ഔട്ട്‌റീച്ച്.