ലെയോ പതിനാലാമൻ മാർപാപ്പയുടെ ആഫ്രിക്കൻ സന്ദർശനം: സഭയുടെ സാന്നിധ്യം പ്രത്യാശയുടെ പ്രകാശമാകുമെന്ന് കർദിനാൾ പരോളിൻ

 
0898

ലെയോ പതിനാലാമൻ മാർപാപ്പയുടെ വരാനിരിക്കുന്ന ആഫ്രിക്കൻ സന്ദർശനം ഭൂഖണ്ഡത്തിലെ കത്തോലിക്കാ സമൂഹങ്ങളെ വിശ്വാസത്തിൽ ശക്തിപ്പെടുത്തുന്നതിനൊപ്പം ലോകത്തിന് പ്രത്യാശയുടെ സന്ദേശം നൽകുന്നതുമാകുമെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ.

ഏപ്രിൽ 13 മുതൽ 23 വരെ നീണ്ടുനിൽക്കുന്ന അപ്പസ്തോലിക യാത്രയിൽ അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനിയ എന്നീ നാല് രാജ്യങ്ങളാണ് മാർപാപ്പ സന്ദർശിക്കുന്നത്.

മാനുഷിക കഷ്ടപ്പാടുകൾ ഏറ്റവും രൂക്ഷമായ ഇടങ്ങളിലേക്ക് സഭയുടെ സാന്നിധ്യം എത്തിക്കുക എന്നതാണ് ഈ യാത്രയുടെ പ്രധാന ലക്ഷ്യമെന്ന് കർദിനാൾ പരോളിൻ വത്തിക്കാൻ ന്യൂസിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ദാരിദ്ര്യം, അഴിമതി, അക്രമം തുടങ്ങിയ വെല്ലുവിളികൾക്കിടയിലും ഊർജസ്വലമായി നിലകൊള്ളുന്ന ആഫ്രിക്കൻ കത്തോലിക്കാ സമൂഹങ്ങൾ നീതിയുടെയും സമാധാനത്തിന്റെയും നിർമ്മാതാക്കളാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സമാധാനം, കുടിയേറ്റം, പരിസ്ഥിതി സംരക്ഷണം, കുടുംബം തുടങ്ങിയ വിഷയങ്ങളിൽ പാപ്പ തന്റെ നിലപാടുകൾ യാത്രയിൽ പങ്കുവയ്ക്കും.

യാത്രയുടെ ആദ്യഘട്ടമായ അൾജീരിയൻ സന്ദർശനം ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. അഗസ്തീനിയൻ സഭയിൽ നിന്നുള്ള ആദ്യ മാർപാപ്പ എന്ന നിലയിൽ, വി. അഗസ്റ്റിന്റെ നാടായ അന്നബ (ഹിപ്പോ) സന്ദർശിക്കുന്നത് കേവലമൊരു സ്മരണയല്ല, മറിച്ച് ആത്മീയമായ ഐക്യപ്പെടലാണെന്ന് കർദിനാൾ ചൂണ്ടിക്കാട്ടി.

അതേസമയം, അൾജിയേഴ്‌സിലെ ഗ്രേറ്റ് മോസ്‌ക് സന്ദർശിക്കുന്നതിലൂടെ ഇസ്‌ലാമിക-ക്രൈസ്തവ സംഭാഷണത്തിന് പുതിയൊരു ദിശാബോധം നൽകാനും മാർപാപ്പ ലക്ഷ്യമിടുന്നു.

ആഫ്രിക്കൻ ഭൂഖണ്ഡത്തെ പലപ്പോഴും അടയാളപ്പെടുത്തുന്ന ദാരിദ്ര്യം, അഴിമതി, അക്രമം എന്നിവ വളർത്തുന്ന പ്രവണതകളിൽ നിന്ന് വ്യത്യസ്തമായി, കത്തോലിക്കർ നീതിയുടെയും സമാധാനത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും നിർമ്മാതാക്കളാകുമെന്ന് കർദിനാൾ പരോളിൻ പ്രത്യാശ പ്രകടിപ്പിച്ചു.

Tags

Share this story

From Around the Web