‘ഖാർകിവ് ജനതയ്ക്ക് ലെയോ പതിനാലാമൻ മാർപാപ്പയുടെ സമ്മാനം’ – ഉക്രൈനിലേക്ക് ഭക്ഷണപ്പൊതികൾ അയച്ച് പാപ്പ

ഉക്രൈനിലെ ഖാർകിവ് നഗരത്തിലെ റഷ്യൻ സൈന്യത്തിന്റെ ആക്രമണങ്ങളിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷണപ്പൊതികൾ അയച്ച് ലെയോ പതിനാലാമൻ പാപ്പ. ബോംബാക്രമണങ്ങൾ ബാധിച്ച സ്റ്റാരി സാൾട്ടിവ് ഗ്രാമത്തിലേക്കും ഷെവ്ചെങ്കോവ് നഗരത്തിലേക്കും സഹായം എത്തും. സഹായം ആവശ്യമുള്ള കുടുംബങ്ങൾക്ക് നേരിട്ട് എത്തിച്ചുകൊടുത്ത സഹായം അടങ്ങിയ പെട്ടികളിൽ, ഉക്രേനിയൻ, ഇറ്റാലിയൻ ഭാഷകളിൽ ഇങ്ങനെ എഴുതിയിട്ടുണ്ട്. ‘ഖാർകിവ് ജനതയ്ക്ക് ലെയോ പതിനാലാമൻ മാർപാപ്പയുടെ സമ്മാനം.’
“ദാനധർമ്മങ്ങൾ അവധിക്കാലം ആഘോഷിക്കുന്നില്ല. കഴിയുന്നത്ര വേഗത്തിൽ സഹായം ആവശ്യക്കാരിലെത്തണം.” മാർപാപ്പ ആവശ്യപ്പെട്ടു. എല്ലാ റോമാക്കാർക്കും ഐക്യദാർഢ്യത്തിന്റെ കേന്ദ്രമായും ഇറ്റാലിയൻ തലസ്ഥാനത്തെ ഉക്രേനിയൻ സമൂഹത്തിന്റെ കേന്ദ്രബിന്ദുവായും മാറിയ റോമിലെ ഹാഗിയ സോഫിയ ബസിലിക്കയിൽ നിന്നാണ് ഭക്ഷണപ്പൊതികൾ അടങ്ങിയ ട്രക്കുകൾ ഉക്രെയ്നിലേക്ക് പുറപ്പെട്ടത്. ഭക്ഷണത്തിന് പുറമേ, അവശ്യവസ്തുക്കളും സംഭാവന ചെയ്തു.
മാർപാപ്പയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചുമതലയുള്ള ഡിക്കാസ്റ്ററിയായ അപ്പസ്തോലിക് അൽമോണറുടെ ഓഫീസിന്റെ മധ്യസ്ഥതയ്ക്കും വിശ്വാസികളിൽ നിന്നുള്ള സംഭാവനകൾക്കും നന്ദിയർപ്പിച്ചു. ജൂൺ 13 ന്, പരിശുദ്ധ സിംഹാസനം ഉക്രൈനിലേക്ക് ഒരു ട്രക്കിൽ ഭക്ഷണം, അവശ്യവസ്തുക്കൾ, മെത്തകൾ, ഫർണിച്ചറുകൾ, കുട്ടികൾക്കുള്ള സാധനങ്ങൾ എന്നിവ അയച്ചിരുന്നു.