ലിയോ പതിനാലാമൻ പാപ്പായുടെ ആദ്യ കൺസിസ്റ്ററി: സഭാ നവീകരണവും മിഷനറി സ്വഭാവവും പ്രധാന ചർച്ചാവിഷയങ്ങൾ

 
oooo

പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായും കർദ്ദിനാൾ സംഘവും അസാധാരണ കൺസിസ്റ്ററിയിൽ. ജനുവരി ഏഴ്, എട്ട് തീയതികളിലായി വത്തിക്കാനിൽ നടക്കുന്ന വിവിധ സമ്മേളനങ്ങളിൽ, സഭാപരമായ രേഖകൾ, സഭയുടെ മിഷനറി സ്വഭാവം, കൂരിയയുടെ പ്രാധാന്യം, പ്രാദേശികസഭകളുമായുള്ള ബന്ധം, സിനഡാത്മകത, ആരാധനക്രമം തുടങ്ങിയ വിവിധ വിഷയങ്ങൾ വിചിന്തനം ചെയ്യപ്പെടും.

പ്രത്യേകമായി, “എവഞ്ചേലി ഗൗദിയും” (Evangelii gaudium), “പ്രെദിക്കാത്തെ എവഞ്ചേലിയും” (Praedicate Evangelium) എന്നീ പ്രമുഖ രേഖകൾ വിചിന്തനങ്ങളിൽ പ്രത്യേക സ്ഥാനം പിടിക്കും.

ലിയോ പതിനാലാമൻ പാപ്പാ വിളിച്ചുകൂട്ടുന്ന ആദ്യ അസാധാരണ കൺസിസ്റ്ററിയാണ് ഇതെന്ന പ്രത്യേകതയും ഈ സംഗമത്തെ സവിശേഷമാക്കി മാറ്റുന്നുണ്ട്. വത്തിക്കാനിലെ സിനഡ് ഹാളിൽ ബുധനാഴ്ച വൈകുന്നേരം നാലുമണിക്കാണ് കൺസിസ്റ്ററി ഔദ്യോഗികമായി ആരംഭിച്ചത്.

വ്യാഴാഴ്ച രാവിലെ 9.30-നായിരിക്കും രണ്ടാം ദിനത്തിലെ പ്രഥമ സമ്മേളനം. ഇത് ഉച്ചയ്ക്ക് 12.45 വരെ നീളും.

സിനഡ് ഹാളിൽത്തന്നെ നടക്കുന്ന ഈ സമ്മേളനത്തിന് ശേഷം ഉച്ചകഴിഞ്ഞ് 3.15 മുതൽ 7 വരെയും ഇതേ ഹാളിൽ വച്ച് അവസാന സമ്മേളനവും നടക്കും. നിലവിൽ, 245 പേരാണ് കർദ്ദിനാൾ സംഘത്തിലുള്ളത്.

ഇവരിൽ 122 പേർ വോട്ടവകാശമുള്ളവരും 123 പേർ വോട്ടവകാശമില്ലാത്തവരുമാണ്. കാർഡിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് അസാധാരണ കൺസിസ്റ്ററിയിൽ പങ്കെടുക്കുന്നുണ്ട്.

 

Tags

Share this story

From Around the Web