ലെയോ പതിനാലാമൻ പാപ്പയുടെ പ്രഥമ അപ്പസ്തോലിക സന്ദർശനം നവംബർ 27 ന് തുർക്കിയിലേക്ക്

ലെയോ പതിനാലാമൻ പാപ്പയുടെ പ്രഥമ അപ്പസ്തോലിക സന്ദർശനം നവംബർ 27 ന് ആരംഭിക്കും. സഭയുടെ ചരിത്രത്തിന്റെ ഭാഗമായ നിഖ്യ എക്യൂമെനിക്കൽ സൂനഹദോസിന്റെ 1700-ാം വാർഷികത്തോടനുബന്ധിച്ച് തുർക്കിയിലേക്കും, തുടർന്ന്, യുദ്ധവും പ്രതിസന്ധികളും നിറഞ്ഞ ലെബനനിലേക്കും, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പ തന്റെ ആദ്യ അപ്പസ്തോലിക സന്ദർശനം നടത്തും. ഇത് സംബന്ധിച്ച വിവരങ്ങൾ വത്തിക്കാൻ വാർത്താ കാര്യാലയമാണ്, ഒക്ടോബർ ഏഴിന് പ്രസിദ്ധീകരിച്ചത്. സന്ദർശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കുമെന്നും, വാർത്താകാര്യാലയത്തിന്റെ ഡയറക്ടർ മത്തേയോ ബ്രൂണി അറിയിച്ചു.
പാപ്പയുടെ അപ്പസ്തോലിക സന്ദർശനം സംബന്ധിച്ച പത്രക്കുറിപ്പ് ഇപ്രകാരമാണ്:
“രാഷ്ട്രത്തലവന്റെയും, രാജ്യത്തെ സഭാ അധികാരികളുടെയും ക്ഷണം സ്വീകരിച്ച്, പരിശുദ്ധ ലെയോ പതിനാലാമൻ പാപ്പാ നവംബർ 27 മുതൽ 30 വരെ തുർക്കിയിലേക്ക് ഒരു അപ്പസ്തോലിക യാത്ര നടത്തും. ഒന്നാം നിഖ്യ സൂനഹദോസിന്റെ 1700-ാം വാർഷികത്തോടനുബന്ധിച്ച് ഇസ്‌നിക്കിലേക്ക് ഒരു തീർത്ഥാടനം നടത്തും. തുടർന്ന്, രാഷ്ട്രത്തലവന്റെയും ലെബനനിലെ സഭാ അധികാരികളുടെയും ക്ഷണം സ്വീകരിച്ച് , പരിശുദ്ധ പിതാവ് നവംബർ 30 മുതൽ ഡിസംബർ 2 വരെ രാജ്യത്തേക്ക് അപ്പസ്തോലിക യാത്ര നടത്തും.”
മെയ് മാസത്തിൽ തുർക്കിയിലേക്ക് പോകാനും ആഘോഷങ്ങളിൽ പങ്കെടുക്കാനും ഫ്രാൻസിസ് പാപ്പാ ആഗ്രഹം പ്രകടിപ്പിച്ചതും, ഈ ആഗ്രഹമാണ് ലെയോ പതിനാലാമൻ പാപ്പാ പൂർത്തീകരിക്കുന്നുവെന്നതും ഈ സന്ദർശനത്തിന്റെ പ്രത്യേകതയാണ്. എല്ലാ ക്രിസ്ത്യാനികളുടെയും പൂർണ്ണമായ ഐക്യത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ്, നിഖ്യ സൂനഹദോസും, ദിവസവും ചൊല്ലുന്ന വിശ്വാസപ്രമാണവും.
പരിശുദ്ധ പിതാവിന്റെ ആദ്യ വിദേശ യാത്ര എക്യുമെനിക്കൽ പാത്രിയാർക്കേറ്റിലേക്കും, തുർക്കിയിലേക്കും, നിഖ്യയിലേക്കും ആയിരിക്കുന്നതിൽ തങ്ങൾക്ക് ഏറെ സന്തോഷമുണ്ടെന്നു, കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കീസായ ബർത്തലോമിയോ പങ്കുവച്ചിരുന്നു.
അതേസമയം സാമ്പത്തിക പ്രതിസന്ധി, 2020-ലെ ബെയ്‌റൂട്ട് തുറമുഖ സ്‌ഫോടനം, അതിന്റെ അനന്തരഫലങ്ങൾ, രാഷ്ട്രീയ സ്തംഭനാവസ്ഥ എന്നിങ്ങനെ വിവിധ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന ഒരു രാഷ്ട്രമാണ് ലെബനൻ. ബെനഡിക്ട് പതിനാറാമന്റെ 2012-ലെ സന്ദർശനത്തെത്തുടർന്ന്, മറ്റൊരു പാപ്പായുടെ സന്ദർശനത്തിന്റെ സന്തോഷത്തിലാണ് ലെബനൻ ജനത.
കടപ്പാട്: വത്തിക്കാൻ ന്യൂസ്