എഐ വിപ്ലവത്തിനിടയിൽ മാനവികത കൈവിടരുത്: ഡിജിറ്റൽ ലോകത്തിന് മുന്നറിയിപ്പുമായി ലെയോ പതിനാലാമൻ മാർപാപ്പ

 
Leo papa

നിർമ്മിതബുദ്ധി (AI) മനുഷ്യബന്ധങ്ങളെയും യാഥാർഥ്യബോധത്തെയും വിഴുങ്ങുന്നതിനെക്കുറിച്ച് ഓർമ്മപ്പെടുത്തി ലെയോ പതിനാലാമൻ മാർപാപ്പ. കാമറൂണിലെ സെൻട്രൽ ആഫ്രിക്ക കാത്തലിക് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പാപ്പ. സാങ്കേതികവിദ്യയുടെ വളർച്ചയിൽ മനുഷ്യൻ വെറുമൊരു യന്ത്രമായി മാറരുതെന്നും, പകരം മാനവിക മൂല്യങ്ങൾക്ക് മുൻഗണന നൽകുന്ന ഒരു ‘ഡിജിറ്റൽ ഹ്യൂമനിസം’ കെട്ടിപ്പടുക്കണമെന്നും പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നത് കേവലം ഒരു പുതിയ കണ്ടുപിടുത്തമല്ല, മറിച്ച് അത് യാഥാർഥ്യത്തെത്തന്നെ മാറ്റിമറിക്കാൻ ശേഷിയുള്ള ഒന്നാണെന്ന് പാപ്പ ചൂണ്ടിക്കാട്ടി. മനുഷ്യർ തമ്മിൽ നേരിട്ടുള്ള കൂടിക്കാഴ്ചകൾ ഇല്ലാതാകുകയും ബന്ധങ്ങൾ വെറും സാങ്കേതിക പ്രതികരണങ്ങളായി മാറുകയും ചെയ്യുന്നത് അപകടകരമാണ്. ഡിജിറ്റൽ ലോകത്തെ സാമ്പത്തിക താൽപര്യങ്ങളും മുൻവിധികളും തിരിച്ചറിയാൻ മാനവികമായ വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണെന്നും പാപ്പ പറഞ്ഞു.

സർവകലാശാലകൾ കേവലം അറിവ് പകർന്നുനൽകുന്ന ഇടങ്ങൾ മാത്രമല്ല, നീതിക്കും ഐക്യദാർഢ്യത്തിനും വേണ്ടി നിലകൊള്ളുന്ന സമൂഹങ്ങളായി മാറണം. ഒരു രാജ്യത്തിന്റെ യഥാർഥ സമ്പത്ത് അവിടത്തെ വിഭവങ്ങളല്ല, മറിച്ച് സത്യസന്ധമായ മനഃസാക്ഷിയുള്ള ജനതയാണെന്നു പറഞ്ഞ പാപ്പ, ആഫ്രിക്കൻ സമൂഹത്തെ കാർന്നുതിന്നുന്ന അഴിമതിക്കെതിരെ പോരാടാൻ അധ്യാപകരും വിദ്യാർഥികളും മാതൃകാപരമായ ജീവിതം നയിക്കണമെന്ന് ആവശ്യപ്പെട്ടു.

യുവജനങ്ങളോടുള്ള സന്ദേശത്തിൽ, മെച്ചപ്പെട്ട ജീവിതം തേടി വിദേശങ്ങളിലേക്ക് പലായനം ചെയ്യുന്നതിനു പകരം സ്വന്തം രാജ്യത്തെ സേവിക്കാനുള്ള ആവേശം കാണിക്കണമെന്നും വിശ്വാസവും യുക്തിയും പരസ്പരപൂരകങ്ങളായി കാണണമെന്നും അറിവിനെ വിനയത്തോടും സത്യസന്ധതയോടും കൂടി സമൂഹത്തിന് പ്രയോജനപ്പെടുത്തണമെന്നും പാപ്പ അഭ്യർഥിച്ചു.

Tags

Share this story

From Around the Web