കാസിൽ ഗാൻഡോൾഫോയിൽ കുറച്ചുദിവസം കൂടി തുടരുമെന്ന് ലെയോ പതിനാലാമൻ പാപ്പ

പാപ്പയുടെ വേനൽകാല വസതിയായ കാസിൽ ഗാൻഡോൾഫോയിൽ കുറച്ചുദിവസം കൂടി തുടരുമെന്നു സ്ഥിരീകരിച്ച് ലെയോ പതിനാലാമൻ പാപ്പ. എന്നാൽ, വത്തിക്കാനിലേക്കു മടങ്ങുന്നത് എപ്പോഴാണെന്ന് പാപ്പ വ്യക്തമാക്കിയില്ല.
സെന്റ് പാൻക്രാസ് കത്തീഡ്രലിൽ വിശുദ്ധ കുർബാന അർപ്പിച്ച ശേഷം, ആഞ്ചലൂസ് പ്രാർഥനയ്ക്കായി പാപ്പ കാസിൽ ഗാൻഡോൾഫോയിലെ പേപ്പൽ വില്ലയിലേക്കു മടങ്ങി.
അവിടെവച്ച് പാപ്പ പറഞ്ഞത്, “കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഞാൻ വത്തിക്കാനിലേക്കു മടങ്ങും” എന്നാണ്. അൽബാനോ തടാകത്തിന് അഭിമുഖമായി സ്ഥിതിചെയ്യുന്നതും നൂറ്റാണ്ടുകളായി മാർപാപ്പമാർ വിശ്രമത്തിനായി എത്തുന്നതുമായ ചരിത്രപ്രസിദ്ധമായ പേപ്പൽ വില്ലയിൽ തന്റെ വിശ്രമകാലം തുടരാനുള്ള ആഗ്രഹവും പരിശുദ്ധ പിതാവ് പ്രകടിപ്പിച്ചു.
കാസിൽ ഗാൻഡോൾഫോയിൽ താമസിച്ചിരുന്ന സമയത്ത് മാർപാപ്പ വിശ്രമത്തിനും പ്രാർഥനയ്ക്കും ചില സ്വകാര്യ മീറ്റിംഗുകൾക്കുമായി സമയം ചിലവഴിച്ചു.
ഈ ആഴ്ച റോം, കോൺസ്റ്റാന്റിനോപ്പിൾ, നിഖ്യാ എന്നിവിടങ്ങളിലേക്ക് ഒരു എക്യുമെനിക്കൽ തീർഥാടനത്തിൽ പങ്കെടുക്കുന്ന അമേരിക്കയിൽ നിന്നുള്ള ഗ്രീക്ക് ഓർത്തഡോക്സ്, ബൈസന്റൈൻ കത്തോലിക്ക, ലാറ്റിൻ കത്തോലിക്ക തീർഥാടകരെ അദ്ദേഹം സ്വീകരിച്ചിരുന്നു.