ആഫ്രിക്കൻ യാത്ര സമാധാനത്തിന്റെ സന്ദേശം: പര്യടന സ്മരണകൾ പങ്കുവച്ച് ലെയോ പതിനാലാമൻ മാർപാപ്പ

 
Leo papa

ഏപ്രിൽ 13 മുതൽ 23 വരെ നാല് ആഫ്രിക്കൻ രാജ്യങ്ങളിൽ നടത്തിയ അപ്പസ്തോലിക യാത്ര ലോകത്തിന് സമാധാനത്തിന്റെ സന്ദേശമായിരുന്നുവെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ നടന്ന പ്രതിവാര പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധങ്ങളും അന്താരാഷ്ട്ര നിയമലംഘനങ്ങളും നിറഞ്ഞ ചരിത്ര പശ്ചാത്തലത്തിൽ, ഈ യാത്ര ഒരു വലിയ പ്രത്യാശയായി അനുഭവപ്പെട്ടുവെന്ന് കർത്താവിനോട് നന്ദി പറഞ്ഞുകൊണ്ട് ഓർമ്മിപ്പിച്ചു.

തന്റെ ആത്മീയ പിതാവായ വിശുദ്ധ അഗസ്റ്റിന്റെ പാത പിന്തുടർന്നായിരുന്നു മാർപാപ്പയുടെ അൾജീരിയ സന്ദർശനം. ഇസ്ലാമിക ലോകവുമായും ആഫ്രിക്കൻ ഭൂഖണ്ഡവുമായും സംഭാഷണത്തിന്റെ പുതിയ പാലങ്ങൾ പണിയാൻ ഈ സന്ദർശനം സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. വ്യത്യസ്ത മതങ്ങളിൽ വിശ്വസിക്കുമ്പോഴും ഒരേ പിതാവിന്റെ മക്കളായി സഹോദരങ്ങളെപ്പോലെ കഴിയാൻ മനുഷ്യർക്ക് സാധിക്കുമെന്ന് അൾജീരിയ ലോകത്തിന് കാണിച്ചുകൊടുത്തതായി പാപ്പ അടിവരയിട്ടു.

തുടർന്ന് കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനിയ എന്നീ രാജ്യങ്ങളിലെത്തിയ മാർപാപ്പയ്ക്ക് ആവേശോജ്ജ്വലമായ വരവേൽപ്പാണ് ലഭിച്ചത്. കാമറൂണിലെ ബമെൻഡയിൽ സമാധാനത്തിനായി ആഹ്വാനം ചെയ്ത പാപ്പ, വിഭവസമൃദ്ധമായ ആ രാജ്യം ‘ആഫ്രിക്ക ഇൻ മിനിയേച്ചർ’ ആണെന്ന് വിശേഷിപ്പിച്ചു. സമ്പത്തിന്റെ ന്യായമായ വിതരണവും യുവാക്കൾക്ക് മെച്ചപ്പെട്ട അവസരങ്ങളും നൽകിക്കൊണ്ട് നവ-കൊളോണിയലിസത്തെ നേരിടാൻ ആഹ്വാനം ചെയ്തു. അംഗോളയിൽ, യുദ്ധത്തിന്റെ മുറിവുകളെ അതിജീവിച്ച് സഭ എങ്ങനെ സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും പാതയിൽ വളർന്നുവെന്ന് അനുസ്മരിച്ചു.

തന്റെ യാത്രയിലെ ഏറ്റവും ഹൃദയസ്പർശിയായ നിമിഷമായി ഇക്വറ്റോറിയൽ ഗിനിയിലെ ബാറ്റ ജയിൽ സന്ദർശനത്തെ മാർപാപ്പ വിശേഷിപ്പിച്ചു. കോരിച്ചൊരിയുന്ന മഴയത്ത് തടവുകാരോടൊപ്പം ചേർന്ന് ‘സ്വർഗസ്ഥനായ പിതാവേ’ എന്ന പ്രാർഥന ചൊല്ലിയത് ദൈവരാജ്യത്തിന്റെ യഥാർഥ അടയാളമായിരുന്നുവെന്ന് ലെയോ പാപ്പ പറഞ്ഞു. പ്രത്യാശയുടെയും ക്രിസ്തീയ സന്തോഷത്തിന്റെയും കിരീടമായി ഈ പര്യടനത്തെ കണ്ട പാപ്പ, സന്ദർശിച്ച രാജ്യങ്ങളിലെ സിവിൽ അധികാരികൾക്കും സഭാ പ്രതിനിധികൾക്കും നന്ദി പറഞ്ഞുകൊണ്ടാണ് തന്റെ സന്ദേശം അവസാനിപ്പിച്ചത്.

Tags

Share this story

From Around the Web