ഗാസയിലെ കുട്ടികൾക്കായി മരുന്നുകളയച്ച് ലെയോ പതിനാലാമൻ പാപ്പ

 
LEO

ഗാസയിലെ കുട്ടികൾക്കായി 5,000 ഡോസ് ആൻറിബയോട്ടിക്കുകൾ അയച്ച് ലെയോ പതിനാലാമൻ പാപ്പ. കുട്ടികൾക്കായുള്ള മാനുഷിക നടപടിയുടെ ഭാഗമായാണ് മാർപാപ്പ ഗാസ മുനമ്പിലേക്ക് മരുന്നുകൾ അയച്ചത്. സഹായത്തിനായി പ്രവേശനം അനുവദിക്കുന്ന പ്രധാന അതിർത്തി ക്രോസിംഗുകൾ അടുത്തിടെ വീണ്ടും തുറന്നതിലൂടെ മരുന്നുകൾ ഗാസയിൽ എത്തിക്കാൻ സാധിച്ചു.

വത്തിക്കാൻ ന്യൂസിന്റെ റിപ്പോർട്ട് പ്രകാരം, വെടിനിർത്തലിനും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമാധാനകരാറിന്റെ ആദ്യഘട്ടം ആരംഭിച്ചതിനുംശേഷം ഈ ആഴ്ചയാണ് മരുന്നുകളുടെ കയറ്റുമതി ആരംഭിച്ചത്. പ്രതിദിനം 600 സഹായട്രക്കുകൾ വരെ ഇസ്രായേൽ ഗാസയിലേക്ക് അനുവദിക്കുന്നുണ്ട്. ഒക്ടോബർ 12 ന്, വിവിധയിടങ്ങളിൽ നിന്നുള്ള സഹായങ്ങൾ ഉൾപ്പെടുന്ന 170 ലധികം ട്രക്കുകൾ ഗാസയിലേക്ക് എത്തിയതായി ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ, നിയർ ഈസ്റ്റിലെ പാലസ്തീൻ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ പ്രവർത്തന ഏജൻസി (UNRWA) അറിയിച്ചു.

പാപ്പയ്ക്കുവേണ്ടി ദരിദ്രർക്കും ആവശ്യക്കാർക്കും വേണ്ടി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന വത്തിക്കാൻ ഡിക്കാസ്റ്ററിയായ പാപ്പൽ അൽമോണറുടെ ഓഫീസാണ് ഗാസയിലേക്കുള്ള ആൻറിബയോട്ടിക്കുകൾ കയറ്റുമതി ചെയ്തത്. കർദിനാൾ കോൺറാഡ് ക്രാജെവ്സ്കിയുടെ നേതൃത്വത്തിലായിരുന്നു ഇത്.

Tags

Share this story

From Around the Web