ആഗോള മിഷൻ ഞായറാഴ്ച ലോകസമാധാനത്തിനായി പ്രാർഥിച്ച് ലെയോ പതിനാലാമൻ പാപ്പ

ആഗോള മിഷൻ ഞായറാഴ്ചയായ ഒക്ടോബർ 19 ന് ലോകമെമ്പാടും സമാധാനം ഉണ്ടാകുന്നതിനായി പ്രാർഥിച്ച് ലെയോ പതിനാലാമൻ പാപ്പ. മ്യാന്മറിൽ വെടിനിർത്തലിനും യുദ്ധം ബാധിച്ച രാജ്യങ്ങളിൽ, പ്രത്യേകിച്ച് ഉക്രൈനിലും വിശുദ്ധനാട്ടിലും സമാധാനത്തിനായും പാപ്പ അഭ്യർഥന നടത്തി.
2021 മെയ് മുതൽ സംഘർഷം രൂക്ഷമായ മ്യാന്മറിൽ വെടിനിർത്തലിനായി പാപ്പ അഭ്യർഥിച്ചു. രാജ്യത്തെ ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമാക്കാതെയുള്ള സായുധ ഏറ്റുമുട്ടലുകളിലും വ്യോമാക്രമണങ്ങളിലും പാപ്പ ദുഃഖം രേഖപ്പെടുത്തി. അക്രമങ്ങളും ദുരിതങ്ങളും മൂലം കഷ്ടപ്പെടുന്ന എല്ലാവരോടും പാപ്പ തന്റെ സാമീപ്യം അറിയിച്ചു.
“വെടിനിർത്തലിനായി ഞാൻ ഹൃദയപൂർവം ആവർത്തിച്ച് അഭ്യർഥിക്കുന്നു. സമഗ്രവും സൃഷ്ടിപരവുമായ സംഭാഷണത്തിലൂടെ സമാധാനത്തിന്റെ ഉപകരണങ്ങളായി മാറട്ടെ. നീതിയും ശാശ്വതവുമായ സമാധാനം പിന്തുടരുന്നതിൽ മുന്നേറാൻ എല്ലാ നേതാക്കൾക്കും ദൈവം ജ്ഞാനവും സ്ഥിരോത്സാഹവും നൽകട്ടെ” – പാപ്പ കൂട്ടിച്ചേർത്തു. തുടർന്ന് വിശുദ്ധ നാട്ടിലും ഉക്രൈനിലും യുദ്ധം ബാധിച്ച മറ്റു സ്ഥലങ്ങളിലും സമാധാനത്തിനായി പാപ്പ പ്രാർഥിച്ചു.