കാസിൽ ഗാൻഡോൾഫോ ഉദ്യാനങ്ങളിൽ ദിവ്യബലി അർപ്പിച്ച് ലെയോ പതിനാലാമൻ പാപ്പ; സൃഷ്ടിജാലങ്ങൾക്കുവേണ്ടി പ്രത്യേക പ്രാർഥന

 
LEO 1

കാസിൽ ഗാൻഡോൾഫോ ഉദ്യാനങ്ങളിൽ ദിവ്യബലി അർപ്പിച്ച് ലെയോ പതിനാലാമൻ പാപ്പ. പാപ്പ സൃഷ്ടിജാലങ്ങൾക്കുവേണ്ടി പ്രത്യേക പ്രാർഥനയും നടത്തി. ആഗോളതാപനവും സായുധ സംഘട്ടനങ്ങളും നിരവധി ദുരിതങ്ങൾ വിതയ്ക്കുന്ന ഈ ലോകത്തിൽ, യേശുവുമായുള്ള കണ്ടുമുട്ടൽ നമുക്ക് ആശ്വാസവും, പ്രത്യാശയും പകരുന്നുവെന്ന് ബോർഗോ ലൗദാത്തോ സി പ്രദേശത്തു നടന്ന ദിവ്യബലി മധ്യേ നൽകിയ വചനസന്ദേശത്തിൽ പാപ്പ പങ്കുവച്ചു.

കൊടുങ്കാറ്റിൽ അകപ്പെട്ടുപോയ ശിഷ്യന്മാർ അനുഭവിച്ച ഭയം ഇന്ന് മനുഷ്യരാശി ഒന്നടങ്കം അനുഭവിക്കുകയാണ്. പരമാധികാരത്തോടെ, കൊടുങ്കാറ്റിനെ ശാന്തമാക്കുന്ന യേശുവിന്റെ ശക്തിക്കുമുൻപിൽ നാം ചോദിക്കുന്ന ചോദ്യവും പാപ്പ എടുത്തു പറഞ്ഞു: “കാറ്റും കടലും പോലും അവനെ അനുസരിക്കുവാൻ തക്കവണ്ണം അവൻ ആരാണ്?” (മത്തായി 8:27). ഈ ചോദ്യം പ്രകടിപ്പിക്കുന്ന ആശ്ചര്യം നമ്മെ ഭയത്തിൽ നിന്ന് കരകയറ്റുന്ന ആദ്യപടിയാണെന്ന് പാപ്പ പറഞ്ഞു.

ഗലീലക്കടലിനു സമീപത്തുവച്ചുള്ള യേശുവിന്റെ വിവിധ പ്രവൃത്തികൾ, ആ ദേശവുമായും, ആ ജലവുമായും ഋതുക്കളുടെ താളത്തോടും ജീവജാലങ്ങളോടും ഉള്ള അഗാധമായ ബന്ധം വെളിപ്പെടുത്തുന്നു. സൃഷ്ടിയെ പരിപാലിക്കുക, അതിൽ സമാധാനവും അനുരഞ്ജനവും കൊണ്ടുവരിക എന്ന നമ്മുടെ ദൗത്യം കർത്താവ് നൽകുന്നതാണെന്നും, ഭൂമിയുടെയും ദരിദ്രരുടെയും നിലവിളി ദൈവത്തിന്റെ ഹൃദയത്തിൽ എത്തിയിരിക്കുന്നുവെന്നുള്ള സത്യം നാം തിരിച്ചറിയണമെന്നും പാപ്പ പറഞ്ഞു.

അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് സൃഷ്ടികളെ സഹോദരൻ, സഹോദരി, അമ്മ എന്നൊക്കെ വിളിക്കുന്നതിൽ അടങ്ങിയിരിക്കുന്ന ആന്തരികാർഥവും പാപ്പ ഓർമ്മപ്പെടുത്തി. ഒരു ധ്യാനാത്മകമായ ജീവിതത്തിന് മാത്രമേ സൃഷ്ടിക്കപ്പെട്ട വസ്തുക്കളുമായുള്ള നമ്മുടെ ബന്ധത്തെ ഊട്ടിയുറപ്പിക്കുവാനും പാരിസ്ഥിതിക പ്രതിസന്ധിയിൽ നിന്നും നമ്മെ രക്ഷിക്കുവാനും സാധിക്കുകയുള്ളൂവെന്നും പാപ്പ സന്ദേശത്തിലൂടെ പറഞ്ഞു.

Tags

Share this story

From Around the Web