ലെയോ പതിനാലാമൻ മാർപാപ്പ അൾജീരിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

അൾജീരിയൻ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് അബ്ദുൽമഗ്ജിദ് ടെബ്ബൗൺ വത്തിക്കാനിൽ സന്ദർശനം നടത്തുകയും ലെയോ പതിനാലാമൻ പാപ്പയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
വ്യാഴാഴ്ച രാവിലെയാണ് കൂടിക്കാഴ്ച നടന്നതെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ്സ് ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. പ്രസിഡന്റ് പിന്നീട് പരിശുദ്ധ സിംഹാസനത്തിന്റെ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിനുമായും കൂടിക്കാഴ്ച നടത്തി.
“സ്റ്റേറ്റ് സെക്രട്ടേറിയറ്റിൽ നടന്ന സൗഹൃദചർച്ചകളിൽ, പരിശുദ്ധ സിംഹാസനവും അൾജീരിയ റിപ്പബ്ലിക്കും തമ്മിലുള്ള നല്ല നയതന്ത്ര ബന്ധങ്ങൾ ശ്രദ്ധിക്കപ്പെട്ടു” എന്ന് പ്രസ്താവനയിൽ പറയുന്നു.
നിലവിലെ ഭൂരാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും ലോകത്ത് സമാധാനവും സാഹോദര്യവും കെട്ടിപ്പടുക്കുന്നതിൽ മതാന്തര സംഭാഷണത്തിന്റെയും സാംസ്കാരിക സഹകരണത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചും പരാമർശിച്ചതായും പ്രസ്താവനയിൽ പറയുന്നു.