“യഥാർഥ വികസനം മനുഷ്യനന്മയിൽ അധിഷ്ഠിതമാകണം”: അംഗോളയിൽ ലെയോ പതിനാലാമൻ മാർപാപ്പയുടെ ആഹ്വാനം
അംഗോളയുടെ സമഗ്രമായ പുരോഗതിക്ക് വിഘാതമാകുന്ന തടസ്സങ്ങൾ നീക്കം ചെയ്യണമെന്നും ചൂഷണത്തിലധിഷ്ഠിതമായ വികസന മാതൃകകൾ ഉപേക്ഷിക്കണമെന്നും ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ മാർപാപ്പ. ആഫ്രിക്കയിലേക്കുള്ള അപ്പസ്തോലിക സന്ദർശനത്തിന്റെ ഭാഗമായി ശനിയാഴ്ച ലുവാണ്ടയിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ അധികാരികളെയും നയതന്ത്രജ്ഞരെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ലെയോ പാപ്പ. സ്വകാര്യ താൽപര്യങ്ങൾക്കുപരിയായി പൊതുനന്മയ്ക്ക് മുൻഗണന നൽകണമെന്ന് പരിശുദ്ധ പിതാവ് ഭരണാധികാരികളോട് ആവശ്യപ്പെട്ടു.
ആഫ്രിക്കൻ ഭൂഖണ്ഡത്തെ കേവലം വിഭവങ്ങൾ കൊള്ളയടിക്കാനുള്ള ഇടമായി കാണുന്ന ആഗോള പ്രവണതയെക്കുറിച്ച് സൂചിപ്പിച്ച പാപ്പ, “പലപ്പോഴും ആളുകൾ നിങ്ങളുടെ നാട്ടിലേക്ക് വരുന്നത് എന്തെങ്കിലും നൽകാനല്ല, മറിച്ച് പലതും എടുത്തുകൊണ്ടുപോകാനാണ്” എന്ന് പറഞ്ഞു. ജീവിതത്തെയും യാഥാർഥ്യങ്ങളെയും വെറും ചരക്കുകളായി കാണുന്ന ഈ വിഭവചൂഷണം വലിയ സാമൂഹിക-പരിസ്ഥിതി ദുരന്തങ്ങൾക്കും മരണങ്ങൾക്കും കാരണമാകുന്നുണ്ടെന്നും പാപ്പ ഓർമ്മിപ്പിച്ചു.
അംഗോളയിലെ ബെൻഗുവേല പ്രവിശ്യയിൽ അടുത്തിടെയുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വീടുകൾ നഷ്ടപ്പെട്ടവർക്കും ഇരകളായവർക്കും മാർപാപ്പ പ്രസംഗത്തിന്റെ തുടക്കത്തിൽ തന്നെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ദുരിതബാധിതർക്കായി പ്രാർഥിക്കുന്നുവെന്നും അംഗോളൻ ജനത ഈ ഘട്ടത്തിൽ പുലർത്തുന്ന ഐക്യദാർഢ്യം മാതൃകാപരമാണെന്നും പാപ്പ കൂട്ടിച്ചേർത്തു.
ഏപ്രിൽ 18 ന് അംഗോളയുടെ പ്രസിഡന്റ് ജോവോ ലോറൻസോയുമായി ലെയോ പാപ്പ സ്വകാര്യ കൂടിക്കാഴ്ച നടത്തിയിരുന്നു. പാവപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും നീതി ഉറപ്പാക്കുന്ന ഒരു വികസന മാതൃകയ്ക്കായി സഭ അംഗോളയ്ക്കൊപ്പം നിൽക്കുമെന്ന് ഉറപ്പുനൽകിയാണ് മാർപാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.