ലിയോ പതിനാലാമൻ പാപ്പ ഇന്ന് വേനൽക്കാല വസതിയിലേക്ക്, വത്തിക്കാനിൽ തിരികെയെത്തുക ജൂലൈ 20ന്

മാർപാപ്പമാരുടെ വേനൽക്കാലവസതിയായി അറിയപ്പെടുന്ന കാസിൽ ഗണ്ടോൾഫോയിലുള്ള പൊന്തിഫിക്കൽ കൊട്ടാരത്തിലേക്ക് ലെയോ പതിനാലാമൻ പാപ്പ ഇന്ന് പോകുമെന്ന് പൊന്തിഫിക്കൽ ഭവനത്തിന്റെ പ്രീഫെക്ച്ചർ എന്ന വത്തിക്കാൻ കൂരിയയിലെ വിഭാഗം അറിയിച്ചു. ഇന്നു ഞായറാഴ്ച ഉച്ചകഴിഞ്ഞ് കാസിൽ ഗണ്ടോൾഫോയിലേക്ക് പോകുന്ന പാപ്പ ജൂലൈ 20 ഞായറാഴ്ച ഉച്ചകഴിഞ്ഞായിരിക്കും വത്തിക്കാനിൽ തിരികെയെത്തുക.
വിശ്രമത്തിനായാണ് പാപ്പാ ഇവിടെയുള്ള വേനൽക്കാലവസതിയിലേക്ക് പോകുന്നതെങ്കിലും ഇതിനിടെ, ജൂലൈ 13 ഞായറാഴ്ച്ച ഈ പ്രദേശത്തുള്ള വില്ലനോവയിലെ സെന്റ് തോമസ് ഇടവകയിൽ രാവിലെ 10 മണിക്ക് വിശുദ്ധ ബലിയർപ്പിക്കും. ജൂലൈ 20 ഞായറാഴ്ച രാവിലെ 9.30-ന് അൽബാനോയിലുള്ള കത്തീഡ്രലിൽ പാപ്പാ വിശുദ്ധ ബലിയർപ്പിക്കും.
അന്ന് ഉച്ചകഴിഞ്ഞ് പാപ്പാ വത്തിക്കാനിൽ തിരികെയെത്തും. ജൂലൈ 13, 20 ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് 12 മണിക്ക് പാപ്പ, കാസിൽ ഗണ്ടോൾഫോയിലുള്ള "സ്വാതന്ത്ര്യത്തിന്റെ ചത്വരം" എന്നയിടത്തുവച്ച് "കർത്താവിന്റെ മാലാഖ" എന്നുതുടങ്ങുന്ന പ്രാർത്ഥന നയിക്കുകയും ഏവർക്കും ആശീർവാദം നൽകുകയും ചെയ്യും.