ബുർക്കിന ഫാസോയ്ക്കും നൈജറിനും വേണ്ടി പ്രാർഥിക്കാൻ ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ പാപ്പ

ഓഗസ്റ്റ് ആറിലെ പൊതുസമ്മേളനത്തിൽ ബുർക്കിന ഫാസോയ്ക്കും നൈജറിനും വേണ്ടി പ്രാർഥിക്കാൻ ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ പാപ്പ. സായുധ ജിഹാദിസ്റ്റ് ഗ്രൂപ്പുകളുടെ ആക്രമണങ്ങൾ മൂലം ക്രിസ്ത്യൻ സമൂഹങ്ങൾ ഇവിടെ വളരെ ദുരിതങ്ങളാണ് അനുഭവിക്കുന്നത്. സമീപ വർഷങ്ങളിൽ, ബുർക്കിന ഫാസോയിലെയും നൈജറിലെയും ക്രിസ്ത്യൻ സമൂഹങ്ങളിൽ സായുധ ജിഹാദിസ്റ്റ് ഗ്രൂപ്പുകളുടെ അക്രമങ്ങൾ വർധിച്ചുവരികയാണ്. അതേസമയം അൽ-ഖ്വയ്ദയുമായോ, ഇസ്ലാമിക് സ്റ്റേറ്റുമായോ ബന്ധമുള്ള ഈ ഗ്രൂപ്പുകൾ സഹവർത്തിത്വം അസ്ഥിരപ്പെടുത്തുന്നതിനും ഭീകരത വിതയ്ക്കുന്നതിനുമായി ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങളെ പ്രത്യേകമായി ലക്ഷ്യം വച്ചിട്ടുണ്ട്.
ബുർക്കിന ഫാസോ
ബുർക്കിന ഫാസോയിൽ ഏറ്റവും ഞെട്ടിക്കുന്ന ആക്രമണങ്ങളിലൊന്ന്, 2019 മെയ് 12 ന് രാജ്യത്തിന്റെ വടക്കുഭാഗത്തുള്ള ഡാബ്ലോയിലെ കത്തോലിക്കാ പള്ളിയിൽ ഞായറാഴ്ച കുർബാനയ്ക്കിടെ ഒരു സായുധസംഘം അതിക്രമിച്ചുകയറി നടത്തിയ ആക്രമണമായിരുന്നു. ഈ ആക്രമണത്തിൽ ഫാ. സിമിയോൺ യാമ്പയും അഞ്ചു വിശ്വാസികളും കൊല്ലപ്പെട്ടു. ആക്രമണത്തിനുശേഷം തീവ്രവാദികൾ പള്ളി, ബിസിനസ് സ്ഥാപനങ്ങൾ, മറ്റു പൊതുകെട്ടിടങ്ങൾ എന്നിവയ്ക്ക് തീയിട്ടു. ടൗൾഫെ, ടിറ്റാവോ, സെബ്ബ തുടങ്ങിയ പട്ടണങ്ങളിൽ, ക്രിസ്ത്യൻ സമൂഹങ്ങൾ ആക്രമിക്കപ്പെടുകയും നിരവധി പള്ളികൾ അടച്ചുപൂട്ടുകയോ, നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുമുണ്ട്. സായുധ ഇസ്ലാമിക ഗ്രൂപ്പുകളുടെ പ്രവർത്തനവും രാജ്യത്തിന്റെ ഭൂരിഭാഗവും നിയന്ത്രിക്കാൻ അധികാരികളുടെ കഴിവില്ലായ്മയും കാരണം ഈ രാജ്യം നിരവധി ആക്രമണങ്ങളെ നേരിട്ടു.
നൈജർ
നൈജറിൽ ക്രിസ്ത്യാനികളുടെ എണ്ണം വളരെ കുറവാണെങ്കിലും അവരും അക്രമത്തിന് ഇരകളായിട്ടുണ്ട്. 48.9% ദാരിദ്ര്യനിരക്കുള്ള നൈജർ ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നാണ്. നിയാമിയിലും മറ്റു നഗരങ്ങളിലും എഴുപതിലധികം ക്രിസ്ത്യൻ പള്ളികൾ (കത്തോലിക്ക, പ്രൊട്ടസ്റ്റന്റ്) കത്തിക്കുകയോ, കൊള്ളയടിക്കുകയോ ചെയ്യപ്പെട്ടു. അതിനുശേഷം, പടിഞ്ഞാറൻ ഗ്രാമപ്രദേശങ്ങളിൽ സമ്മർദം വർധിച്ചുവരികയാണ്. തീവ്രവാദ ഗ്രൂപ്പുകളുടെ വർധിച്ചുവരുന്ന ആക്രമണങ്ങൾ മിഷൻ പ്രവർത്തനങ്ങൾ നിർത്തുന്നതിലേക്കും ആയിരക്കണക്കിന് ആളുകളെ കുടിയിറക്കുന്നതിലേക്കും നയിച്ചു.
ഈ ഭീഷണികൾ ഉണ്ടായിരുന്നിട്ടും ഈ രണ്ടു രാജ്യങ്ങളിലെയും ക്രിസ്ത്യൻ സമൂഹങ്ങൾ അവരുടെ അജപാലന, വിദ്യാഭ്യാസ, സാമൂഹിക പ്രവർത്തനങ്ങൾ നിർത്തിവച്ചിട്ടില്ല.