വത്തിക്കാനിലെ പ്രധാന വകുപ്പിന്റെ തലവനെ നിയമിച്ച് ലെയോ പതിനാലാമൻ മാർപാപ്പ

ഒരുകാലത്ത് മാർപാപ്പ തന്നെ നയിച്ചിരുന്ന ബിഷപ്പുമാർക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റായി ഇറ്റാലിയൻ ആർച്ച്ബിഷപ്പ് ഫിലിപ്പോ ഇയനോണിനെ ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. മെയ് മാസത്തിൽ തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം വത്തിക്കാന്റെ ഒരു പ്രധാന ഓഫീസിന്റെ ചുമതല നൽകിക്കൊണ്ടുള്ള ലെയോ മാർപാപ്പയുടെ ആദ്യ തീരുമാനമാണ് സെപ്റ്റംബർ 26 നു പ്രഖ്യാപിച്ച ഈ നിയമനം.
ഒരു കർമ്മലീത്ത വിശ്വാസിയും പരിചയസമ്പന്നനായ കാനൻ അഭിഭാഷകനുമായ ആർച്ച്ബിഷപ്പ് ഇയനോൺ വത്തിക്കാന്റെ ഡിക്കാസ്റ്ററി ഫോർ ലെജിസ്ലേറ്റീവ് ടെക്സ്റ്റ്സിന്റെ പ്രിഫെക്റ്റായി സേവനമനുഷ്ഠിച്ചുവരവെയാണ് ഈ നിയമനം.
2023 മുതൽ മാർപാപ്പ ആകുന്നതുവരെ അന്നത്തെ കർദിനാൾ റോബർട്ട് പ്രെവോസ്റ്റ് വഹിച്ചിരുന്ന പദവിയിലേക്കാണ് ഇറ്റാലിയൻ കാനൻ അഭിഭാഷകനും വത്തിക്കാന്റെ ഉന്നത നിയമസഭാംഗവുമായ ആർച്ച്ബിഷപ്പ് ഇയാനോണിനെ പാപ്പ തിരഞ്ഞെടുത്തിരിക്കുന്നത്. അതേസമയം 67 കാരനായ ഇദ്ദേഹം ഒക്ടോബർ 15 ന് തന്റെ പുതിയ ഉത്തരവാദിത്വങ്ങൾ ഔദ്യോഗികമായി ഏറ്റെടുക്കും.
ബിഷപ്പുമാർക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് എന്ന നിലയിൽ, രൂപതാ ബിഷപ്പുമാരെ തിരഞ്ഞെടുക്കുന്നതിലും ബിഷപ്പുമാർക്കെതിരായ ദുരുപയോഗ ആരോപണങ്ങൾ വിലയിരുത്തുന്നതിലും അദ്ദേഹം ഒരു പ്രധാന പങ്ക് വഹിക്കും.
ബിഷപ്പുമാരെ നിയമിക്കുന്നതിൽ അന്തിമ തീരുമാനം മാർപാപ്പയുടേതാണ്. ആർച്ച്ബിഷപ്പ് ഇയനോണിനൊപ്പം, ബ്രസീലിയൻ ബിഷപ്പ് ഇൽസൺ ഡി ജീസസ് മൊണ്ടാനാരിയെ ഡിക്കാസ്റ്ററിയുടെ സെക്രട്ടറിയായി അഞ്ചുവർഷത്തെ കാലാവധി നൽകിക്കൊണ്ട് ലെയോ മാർപാപ്പ നിയമിച്ചു.
ബിഷപ്പുമാരുടെ ഓഫീസ് നയിക്കുന്നതിനു പുറമേ, വത്തിക്കാൻ, ലാറ്റിനമേരിക്കൻ എപ്പിസ്കോപ്പൽ കോൺഫറൻസുകൾ തമ്മിലുള്ള ബന്ധം കൈകാര്യം ചെയ്യുന്ന ലാറ്റിനമേരിക്കയ്ക്കുള്ള പൊന്തിഫിക്കൽ കമ്മീഷന്റെ പ്രസിഡന്റായും ആർച്ച്ബിഷപ്പ് ഇയനോൺ ചുമതലയേൽക്കും.