174 പുതിയ രക്തസാക്ഷികളെ പ്രഖ്യാപിച്ച് ലെയോ പതിനാലാമൻ പാപ്പ

രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി തടങ്കൽപാളയങ്ങളിൽ മരിച്ച 50 ഫ്രഞ്ച് കത്തോലിക്കരും സ്പാനിഷ് ആഭ്യന്തരയുദ്ധത്തിൽ കൊല്ലപ്പെട്ട നൂറിലധികം സ്പാനിഷ് പുരോഹിതന്മാരും ഉൾപ്പെടെ 174 പുതിയ രക്തസാക്ഷികളെ പ്രഖ്യാപിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. ജൂൺ 20 ന് ഒപ്പുവച്ച ഒരു ഉത്തരവിലൂടെയാണ് പുതിയ രക്തസാക്ഷികളെ പ്രഖ്യാപിച്ചത്.
19-ാം നൂറ്റാണ്ടിലെ സ്പാനിഷ് പുരോഹിതനായ ഫാ. സാൽവഡോർ വലേര പാരയുടെ സ്വർഗീയമധ്യസ്ഥതയിലൂടെ 2007 ൽ റോഡ് ഐലൻഡ് ആശുപത്രിയിലെ ഒരു നവജാതശിശുവിന് തീവ്രപരിചരണ വിഭാഗത്തിൽ സംഭവിച്ച ഒരു അദ്ഭുതരോഗശാന്തിയെ പാപ്പ അംഗീകരിച്ചു. ഇത് ഫാ. സാൽവഡോർ വലേരയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്നതിനു കാരണമായ അദ്ഭുതമാണ്.
രണ്ടാം ലോകമഹായുദ്ധത്തിലെ യുവ ഫ്രഞ്ച് രക്തസാക്ഷികൾ
ഫ്രഞ്ച് രക്തസാക്ഷികൾ 1944 നും 1945 നുമിടയിൽ കൊല്ലപ്പെട്ടവരാണ്. ജർമ്മൻ അധിനിവേശത്തിൻകീഴിൽ, അവരുടെ ശുശ്രൂഷയ്ക്കും പ്രതിരോധശ്രമങ്ങൾക്കും നാസി ഭരണകൂടം അവരെ അറസ്റ്റ് ചെയ്തതിനുശേഷമാണ് പലരും കൊല്ലപ്പെട്ടത്.
1944 ഒക്ടോബറിൽ ബുച്ചൻവാൾഡിൽ ടൈഫസ് ബാധിച്ചു മരിച്ച 28 വയസ്സുള്ള രൂപതാ വൈദികനായ ഫാ. റൈമണ്ട് കെയ്റെ, 1945 ജനുവരിയിൽ അതേ ക്യാമ്പിൽ മരിച്ച 24 വയസ്സുള്ള ഫ്രാൻസിസ്കൻ സന്യാസിയായ ഫാ. ജെറാർഡ് മാർട്ടിൻ സെൻഡ്രിയർ, 1944 ഒക്ടോബറിൽ മൗത്തൗസനിൽ മരിച്ച 23 വയസ്സുള്ള സെമിനാരിയൻ റോജർ വല്ലീ എന്നിവരും 1944 മെയ് മാസത്തിൽ ഗസ്റ്റപ്പോ കസ്റ്റഡിയിൽ കൊല്ലപ്പെട്ട യംഗ് ക്രിസ്ത്യൻ വർക്കേഴ്സിലെ 19 വയസ്സുള്ള അൽമായൻ ജീൻ മെസ്ട്രെയും ഇതിൽ ഉൾപ്പെടുന്നു.
1943 ൽ വിച്ചി ഭരണകൂടത്തിന്റെ സർവീസ് ഡു ട്രാവെയിൽ ഒബ്ലിഗറ്റോയർ നടപ്പിലാക്കിയതിനുശേഷം ജർമ്മനിയിലേക്ക് ഫ്രഞ്ച് നിർബന്ധിത തൊഴിലാളികളെ രഹസ്യമായി അനുഗമിച്ച പുരോഹിതരുടെയും സമർപ്പിതരുടെയും കത്തോലിക്കാ വിശ്വാസികളുടെയും (പ്രത്യേകിച്ച് കത്തോലിക്കാ ആക്ഷൻ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട സാധാരണക്കാരുടെയും) വിശാലമായ ഒരു ശൃംഖലയുടെ ഭാഗമായിരുന്നു അവർ. ജർമ്മനിയിലെ അപ്പോസ്തോലേറ്റ് കാരണം ചിലരെ നാസികൾ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തു. മറ്റുള്ളവർ ജയിലിൽ കഷ്ടപ്പാടുകൾ കാരണം മരണം വരിച്ചു.
50 രക്തസാക്ഷികളിൽ ഭൂരിഭാഗവും ബുച്ചൻവാൾഡ്, മൗത്തൗസെൻ, ഡാച്ചൗ, സോഷെൻ തുടങ്ങിയ ക്യാമ്പുകളിൽവച്ച് മരണപ്പെട്ടു. പലപ്പോഴും ടൈഫസ്, ക്ഷയം അല്ലെങ്കിൽ ക്രൂരമായ വധശിക്ഷ എന്നിവയ്ക്ക് അവർ വിധേയരായി. അവരിൽ നാല് ഫ്രാൻസിസ്കൻമാർ, ഒൻപതു രൂപതാവൈദികർ, മൂന്ന് സെമിനാരിക്കാർ, 14 കത്തോലിക്കാ സ്കൗട്ടുകൾ, യംഗ് ക്രിസ്ത്യൻ വർക്കേഴ്സിലെ 19 അംഗങ്ങൾ, ഒരു ജെസ്യൂട്ട് എന്നിവരും ഉൾപ്പെടുന്നു. ഈ ഫ്രഞ്ച് രക്തസാക്ഷികളിൽ ഭൂരിഭാഗവും (80% ൽ കൂടുതൽ) മരിക്കുമ്പോൾ 30 വയസ്സിനു താഴെയുള്ളവരായിരുന്നു.
സ്പാനിഷ് ആഭ്യന്തരയുദ്ധത്തിലെ രക്തസാക്ഷികൾ
1936 നും 1938 നുമിടയിൽ കൊല്ലപ്പെട്ട ജാൻ രൂപതയിൽ നിന്നുള്ള 124 സ്പാനിഷ് ആഭ്യന്തരയുദ്ധത്തിലെ രക്തസാക്ഷികളെ പാപ്പ പ്രഖ്യാപിച്ചു. അവരിൽ 109 രൂപതാ വൈദികരും ഒരു സന്യാസിനിയും 14 കത്തോലിക്കരും ഉൾപ്പെടുന്നു. വിശുദ്ധരുടെ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി അവരെ അവരുടെ രേഖകൾക്കായി രണ്ട് രക്തസാക്ഷി ഗ്രൂപ്പുകളായി വിഭജിച്ചു – ഫാ. മാനുവൽ ഇസ്ക്വിയർഡോയും 58 കൂട്ടാളികളും ഫാ. അന്റോണിയോ മൊണ്ടാനസ് ചിക്വെറോയും 64 കൂട്ടാളികളും.
സ്പെയിനിലെ ആഭ്യന്തരയുദ്ധകാലത്ത് വ്യാപകമായ മതവിരുദ്ധ അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് അവരുടെ രക്തസാക്ഷിത്വം സംഭവിച്ചത്. നിരീശ്വരവാദ പ്രചാരണത്താൽ പ്രകോപിതരായ നിരവധി വിപ്ലവകാരികൾ പള്ളികൾ അശുദ്ധമാക്കുകയും മതനേതാക്കളെ വധിക്കുകയും ചെയ്തു.
സ്പാനിഷ് ആഭ്യന്തരയുദ്ധത്തിൽനിന്ന് സഭ ഇതിനകം അംഗീകരിച്ചതും ജോൺ പോൾ രണ്ടാമൻ പാപ്പ, ബെനഡിക്റ്റ് പതിനാറാമൻ പാപ്പ, ഫ്രാൻസിസ് മാർപാപ്പ എന്നിവരുടെ കീഴിൽ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടതുമായ രണ്ടായിരത്തിലധികം രക്തസാക്ഷികളിൽ ഏറ്റവും പുതിയവരാണ് ജാൻ രൂപതയിലെ രക്തസാക്ഷികൾ. പുതിയ സ്പാനിഷ് രക്തസാക്ഷികളുടെ വാഴ്ത്തപ്പെട്ടവരുടെ പ്രഖ്യാപനചടങ്ങ് ജാനിൽ നടക്കും.