പത്ത് ഭാഷകളിൽ ക്രിസ്തുമസ് ആശംസകൾ നേർന്ന് ലെയോ പാപ്പ
ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് പത്ത് ഭാഷകളിൽ ക്രിസ്തുമസ് ആശംസകൾ നേർന്നുകൊണ്ട് ലെയോ പതിനാലാമൻ പാപ്പ എല്ലാവരെയും അമ്പരപ്പിച്ചു. മാർപാപ്പയായശേഷമുള്ള ആദ്യ ക്രിസ്തുമസ് സന്ദേശത്തിനിടെ പത്ത് വ്യത്യസ്ത ഭാഷകളിലാണ് പാപ്പ ക്രിസ്തുമസ് ആശംസകൾ നേർന്നത്.
ഇറ്റാലിയൻ, ഫ്രഞ്ച്, ഇംഗ്ലീഷ്, ജർമ്മൻ, സ്പാനിഷ്, പോർച്ചുഗീസ്, പോളിഷ്, അറബിക്, മന്ദാരിൻ ചൈനീസ്, ലാറ്റിൻ എന്നീ ഭാഷകളിലാണ് മാർപാപ്പ ആശംസകൾ നേർന്നത്. ഇംഗ്ലീഷും സ്പാനിഷും ഇറ്റാലിയനും പാപ്പയ്ക്ക് വഴങ്ങുമെങ്കിലും ചൈനീസ് ഭാഷയിലും പോളിഷ് ഭാഷയിലുമുള്ള പാപ്പയുടെ ഉച്ചാരണം വിശ്വാസികളെ അദ്ഭുതപ്പെടുത്തി.
ലെയോ പാപ്പ പെട്ടെന്ന് ഭാഷകൾ പഠിക്കുന്ന വ്യക്തിയാണെന്ന് പാപ്പയുടെ സഹോദരൻ വെളിപ്പെടുത്തിയിരുന്നു. ”ക്രിസ്തുമസ് ആശംസകൾ! ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിലും കുടുംബങ്ങളിലും വാഴട്ടെ ” എന്നായിരുന്നു വിവിധ ഭാഷകളിലായുള്ള പാപ്പയുടെ സന്ദേശം.