ഇറ്റലിയുടെ സെനറ്റ് ലൈബ്രറിയും വത്തിക്കാൻ എംബസിയും സന്ദർശിച്ച് ലെയോ പാപ്പ
ഇറ്റലിയുടെ സെനറ്റ് ലൈബ്രറിയും വത്തിക്കാൻ എംബസിയും ലെയോ പതിനാലാമൻ പാപ്പ സന്ദർശിച്ചു. ആഗതമാകുന്ന ക്രിസ്തുമസിന്റെ പശ്ചാത്തലത്തിലും കൂടിയാണ് പരിശുദ്ധ പിതാവ് ഈ രണ്ട് സന്ദർശനങ്ങളും നടത്തിയതെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് അറിയിച്ചു.
1455-നും 1461-നും ഇടയിൽ തയ്യാറാക്കപ്പെട്ട വിശുദ്ധ ഗ്രന്ഥത്തിന്റെ രണ്ട് കയ്യെഴുത്ത് പ്രതികളുടെ പകർപ്പുകൾ ഇറ്റലിയിലെ സെനറ്റിന്റെ ലൈബ്രറിയിൽ പ്രദർശനത്തിന് വച്ചിരിക്കുന്നത് കാണാൻ വേണ്ടിക്കൂടിയാണ് പരിശുദ്ധ പിതാവ് എത്തിയത്. നൂറോളം വർഷങ്ങൾക്ക് ശേഷമാണ് ഈ പകർപ്പുകൾ പ്രദർശനത്തിന് വച്ചത്. സെനറ്റിലെത്തിയ പാപ്പായെ സെനറ്റ് പ്രസിഡന്റ് ല റൂസയും സംഘവും ചേർന്ന് സ്വീകരിച്ചു. സെനറ്റ് ലൈബ്രറിയിൽ തയ്യാറാക്കിയിരുന്ന പുൽക്കൂട്ടിലെ ഉണ്ണിയേശുവിന്റെ രൂപം പരിശുദ്ധ പിതാവ് അനാവരണം ചെയ്തു.
സെനറ്റ് ലൈബ്രറിയിലേക്കുള്ള യാത്രയ്ക്ക് മുൻപായി ഇറ്റലിയിലെ വത്തിക്കാൻ എംബസിയായ അപ്പസ്തോലിക നൂൺഷിയേച്ചറിലെത്തിയ പാപ്പാ അവിടെനിന്ന് ഉച്ചഭക്ഷണം കഴിച്ചിരുന്നു. പുരാതന റോം നഗരത്തിന്റെ ഭാഗമായ പാന്തെയോൺ ദേവാലയത്തിന് അടുത്തുള്ള മിനെർവ ചത്വരത്തിനടുത്താണ് ഇറ്റലി സെനറ്റിന്റെ ലൈബ്രറി.