യുദ്ധം അവസാനിപ്പിക്കാൻ ലോകനേതാക്കൾ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് ലെയോ പാപ്പ

 
Leo papa

ആഗോളതലത്തിൽ വർധിച്ചുവരുന്ന സംഘർഷങ്ങളിലും അക്രമങ്ങളിലും ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് സമാധാനത്തിനായുള്ള ആഹ്വാനവുമായി ലെയോ പതിനാലാമൻ മാർപാപ്പ. ഈസ്റ്ററിന് മുന്നോടിയായി കാസിൽ ഗാൻഡോൾഫോയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പാപ്പ.

പ്രശ്നങ്ങൾ പരിഹരിക്കാൻ ലോകനേതാക്കൾ വീണ്ടും ചർച്ചയിലേയ്ക്ക് മടങ്ങിവരണമെന്നും സമാധാനത്തിനുള്ള വഴികൾ തേടണമെന്നും മാർപാപ്പ ഓർമ്മിപ്പിച്ചു. നിരപരാധികളായ കുട്ടികൾ ഉൾപ്പെടെയുള്ളവർ യുദ്ധത്തിൽ ഇല്ലാതാകുന്നത് വേദനാജനകമാണ്. ബോംബാക്രമണങ്ങളും അക്രമങ്ങളും കുറയ്ക്കുന്നത് ജനങ്ങൾക്കിടയിലെ വിദ്വേഷം ഇല്ലാതാക്കാൻ സഹായിക്കും പാപ്പ പറഞ്ഞു.

ക്രിസ്തു ഇന്നും ക്രൂശിക്കപ്പെടുന്നത് യുദ്ധത്തിൽ ദുരിതമനുഭവിക്കുന്നവരിലൂടെയാണെന്ന് പാപ്പ വ്യക്തമാക്കി. വിശുദ്ധ വാരത്തിൽ ഒരു ‘ഈസ്റ്റർ സമാധാന ഉടമ്പടി’ ഉണ്ടാകണമെന്ന ആഗ്രഹവും പാപ്പ പങ്കുവെച്ചു.

​ദുഃഖവെള്ളി പ്രമാണിച്ച് കൊളോസിയത്തിൽ നടക്കുന്ന കുരിശിന്റെ വഴിയിൽ മാർപാപ്പ തന്നെയാണ് കുരിശ് വഹിക്കുന്നത്. ലോകത്തിന്റെ വേദനകൾ പ്രാർഥനയിലൂടെ ഏറ്റുവാങ്ങുന്നതിന്റെ അടയാളമായിരിക്കും ഇതെന്നും പാപ്പ പറഞ്ഞു.

Tags

Share this story

From Around the Web