ഒക്ടോബർ മാസത്തിൽ എല്ലാദിവസവും സമാധാനത്തിനായി ജപമാല ചൊല്ലാൻ അഭ്യർഥിച്ച് ലെയോ മാർപാപ്പ

ഒക്ടോബർ മാസത്തിൽ എല്ലാ ദിവസവും ജപമാല ചൊല്ലുന്നതിൽ പങ്കുചേരാൻ വിശ്വാസികളെ ക്ഷണിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. സമാധാനം എന്ന ദൈവദാനത്തിനായി ജപമാല ചൊല്ലാനാണ് പാപ്പ വിശ്വാസികളെ ഓർമ്മിപ്പിച്ചത്. മരിയൻ ആത്മീയതയുടെ ജൂബിലിയുടെ ഭാഗമായി ഒക്ടോബർ 11 ന് സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ഒരു ജപമാല പ്രാർഥനയും പാപ്പ പ്രഖ്യാപിച്ചു.
ലോകമെമ്പാടുമുള്ള കത്തോലിക്കർ, പ്രത്യേകിച്ച് ഒക്ടോബർ മാസത്തിൽ, സഭ വിശുദ്ധ ജപമാലയ്ക്ക് സമർപ്പിക്കുന്ന സമയത്ത്, യുദ്ധത്താൽ തകർന്ന രാജ്യങ്ങളിൽ സമാധാനത്തിനായി ജപമാല ചൊല്ലാൻ ഒന്നിക്കും. ബുധനാഴ്ച നടന്ന പൊതുസമ്മേളനത്തിലാണ് ലെയോ പതിനാലാമൻ മാർപാപ്പ ഇക്കാര്യം അറിയിച്ചത്. റോമിലെ വിശ്വാസികൾ 2025 ഒക്ടോബർ 11 ന് വൈകുന്നേരം 6:00 മണിക്ക് സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ഒത്തുകൂടുമെന്ന് അദ്ദേഹം പറഞ്ഞു.
“വരും മാസത്തിലെ എല്ലാ ദിവസവും വ്യക്തിപരമായും, കുടുംബത്തിലും, സമൂഹത്തിലും സമാധാനത്തിനായി ജപമാല ചൊല്ലാൻ ഞാൻ എല്ലാവരെയും ക്ഷണിക്കുന്നു,” പരിശുദ്ധ പിതാവ് പറഞ്ഞു. ഒക്ടോബർ മുഴുവൻ വൈകുന്നേരം 7:00 മണിക്ക് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ജപമാല ചൊല്ലാൻ വത്തിക്കാൻ ജീവനക്കാരെയും മാർപാപ്പ ക്ഷണിച്ചു. ഒക്ടോബർ 11-12 തീയതികളിൽ നടക്കുന്ന മരിയൻ ആത്മീയതയുടെ ജൂബിലി വർഷത്തിലാണ് സമാധാനത്തിനായുള്ള ജപമാല നടക്കുക.
1962 ഒക്ടോബർ 11-ന് വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ ഉദ്ഘാടനം ചെയ്ത രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ 63-ാം വാർഷികം കൂടിയാണ് ആ ദിവസം.