മതസൗഹാർദം വളർത്താൻ വിവിധ മതവിശ്വാസികൾ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ലെയോ പാപ്പ
മതപരമായ തീവ്രവാദവും വിഭജനങ്ങളും വർധിച്ചുവരുന്ന ആധുനികലോകത്ത് സമാധാനവും സാഹോദര്യവും വളർത്താൻ വിവിധ മതവിശ്വാസികൾ ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ മാർപാപ്പ. കെനിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘പ്രോഗ്രാം ഫോർ ക്രിസ്ത്യൻ – മുസ്ലിം റിലേഷൻസ് ഇൻ ആഫ്രിക്ക’ എന്ന സംഘടനയുടെ പ്രതിനിധികളുമായി വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു പാപ്പ.
സാംസ്കാരികവും മതപരവുമായ വ്യത്യാസങ്ങൾ നിലനിൽക്കുമ്പോഴും സമാധാനത്തോടെയും ഐക്യത്തോടെയും ജീവിക്കാൻ സാധിക്കുമെന്ന് ആഫ്രിക്കയിലെ ക്രിസ്ത്യൻ-മുസ്ലിം കൂട്ടായ്മ ലോകത്തിന് കാണിച്ചുതരുന്നുവെന്ന് മാർപാപ്പ പറഞ്ഞു. വിദ്വേഷം, കോപം, സ്വാർഥത എന്നിവയുടെ ചങ്ങലകളിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കാൻ മതനേതാക്കൾക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും പാപ്പ ഓർമ്മിപ്പിച്ചു.
ഇതര മതവിശ്വാസികളോട് ആദരവും പരസ്പരധാരണയും പുലർത്തണമെന്ന കത്തോലിക്കാ സഭയുടെ നിലപാട് പാപ്പ വീണ്ടും വ്യക്തമാക്കി. സത്യത്തിന്റെയും വിശുദ്ധിയുടെയും അംശങ്ങൾ എല്ലാ മതങ്ങളിലുമുണ്ടെന്നു പറഞ്ഞ പാപ്പ, ഭാവിയുടെ ശിൽപികളും പ്രത്യാശയുടെ സാക്ഷികളുമായി മുന്നോട്ടുപോകാൻ പ്രതിനിധിസംഘത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടാണ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.