സഭയിലെ അൽമായ നേതൃത്വം തുറന്ന മനസ്സും കൂട്ടായ്മയും വളർത്തണമെന്ന് ലെയോ മാർപാപ്പ

 
Leo

സഭയിലെ അൽമായ പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും നേതൃത്വം സുതാര്യതയോടും വിവേചനബുദ്ധിയോടും കൂടി പ്രവർത്തിക്കണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു. വത്തിക്കാനിലെ ‘അൽമായർ, കുടുംബം, ജീവൻ’ എന്നിവയ്ക്കായുള്ള ഡികാസ്റ്ററി സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പാപ്പ.

​സഭയിലെ നേതൃത്വം എന്നത് കേവലം പ്രായോഗിക കാര്യങ്ങൾ ഏകോപിപ്പിക്കൽ മാത്രമല്ല മറിച്ച് ക്രിസ്തുവിലുള്ള ദൈവഹിതത്തിന്റെ ആവിഷ്കാരമാണെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു. വ്യക്തിപരമായ താല്പര്യങ്ങൾക്കപ്പുറം സമൂഹത്തിന്റെ നന്മയ്ക്കായിരിക്കണം നേതൃത്വം ഉപയോഗിക്കേണ്ടത്. അധികാരം ഒരാളിലേക്ക് മാത്രം കേന്ദ്രീകരിക്കുന്നതിന് പകരം എല്ലാ അംഗങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കണമെന്നും പാപ്പ പറഞ്ഞു.

​പ്രാദേശിക മെത്രാന്മാരുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായാൽ പോലും സഭയുടെ പൊതുവായ കൂട്ടായ്മ തകർക്കരുത്. കാലത്തിന്റെ അടയാളങ്ങൾ തിരിച്ചറിഞ്ഞ് സഭയ്ക്ക് വെളിയിലുള്ള ലോകത്തിലേക്കും പുതിയ മിഷൻ മേഖലകളിലേക്കും ഇറങ്ങിച്ചെല്ലുമ്പോഴാണ് സഭാംഗത്വം ഫലപ്രദമാകുന്നത്. ആഗോള സഭയുമായും പ്രാദേശിക മെത്രാന്മാരുമായും ശക്തമായ കൂട്ടായ്മ നിലനിർത്തിക്കൊണ്ടുതന്നെ ലോകത്തിന് മുന്നിൽ തുറന്ന മനസ്സോടെ നിലകൊള്ളാൻ തങ്ങളുടെ കീഴിലുള്ളവരെ നയിക്കാൻ നേതാക്കൾക്ക് സാധിക്കണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു.

വിനയം, സ്വാർത്ഥതയില്ലാത്ത സ്നേഹം എന്നിവയിലൂടെ സാക്ഷ്യം വഹിക്കാൻ അൽമായ നേതാക്കൾ തയ്യാറാകണമെന്നും മാർപാപ്പ കൂട്ടിച്ചേർത്തു. അൽമായ സംഘടനകൾ സഭയ്ക്ക് നൽകുന്ന സംഭാവനകളെ പ്രശംസിച്ച മാർപാപ്പ അവർക്ക് വത്തിക്കാന്റെ പൂർണ്ണ പിന്തുണയും ഉറപ്പുനൽകി.

Tags

Share this story

From Around the Web