ഫ്രാൻസിസ് പാപ്പയുടെ വിയോഗവും യുദ്ധദുരിതങ്ങളും ഓർമ്മിച്ച് ലെയോ പാപ്പ; ലോകത്തിന് പുതുവത്സരാശംസ
 

 
leo papa 1

വത്തിക്കാന്‍ സിറ്റി: വരും നാളുകളിൽ നമ്മിലും നമുക്ക് ചുറ്റിലും അവിടുത്തെ കൃപയുടെയും കരുണയുടെയും അത്ഭുതങ്ങൾ നവീകരിക്കണമേയെന്ന് അപേക്ഷിക്കുകയാണെന്നു ലെയോ പാപ്പ. ഇന്നലെ 2025-ലെ അവസാനദിനമായ ഡിസംബർ 31-ന് വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ സംസാരിക്കുകയായിരിന്നു പാപ്പ.

കഴിഞ്ഞുപോകുന്ന ഈ വർഷത്തിൽ ഏറെ പ്രധാനപ്പെട്ട പല കാര്യങ്ങളും നടന്നു: വിശുദ്ധവർഷത്തിന്റെ അവസരത്തിൽ നിരവധി വിശ്വാസികൾ നടത്തിയ തീർത്ഥാടനം പോലെ ചിലത് സന്തോഷപ്രദമായിരുന്നു; പ്രിയപ്പെട്ട ഫ്രാൻസിസ് പാപ്പായുടെ വിയോഗവും, ഭൂമിയെ ദുഖത്തിലാഴ്ത്തികൊണ്ട് തുടരുന്ന യുദ്ധദൃശ്യങ്ങളും പോലെ ചിലത് ദുഃഖകരമായിരുന്നുവെന്നു പാപ്പ അനുസ്മരിച്ചു.

വിശുദ്ധ പൗലോസ് എഫേസോസുകാർക്ക് എഴുതിയ ലേഖനം മൂന്നാം അദ്ധ്യായം ഇരുപതും ഇരുപത്തിയൊന്നും വാക്യങ്ങളെ ആധാരമാക്കിയായിരുന്നു പാപ്പ നടത്തിയ ഉദ്‌ബോധനം. "നമ്മിൽ പ്രവർത്തിക്കുന്ന ശക്തിയാൽ നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വളരെക്കൂടുതൽ ചെയ്തുതരാൻ കഴിയുന്ന അവിടുത്തേക്ക് സഭയിലും യേശുക്രിസ്തുവിലും തലമുറകളോളം എന്നേക്കും മഹത്വമുണ്ടാകട്ടെ! ആമേൻ." (എഫേ 3:20-21). വചനവായനയ്ക്ക് ശേഷം പരിശുദ്ധ പിതാവ് ഇറ്റാലിയൻ ഭാഷയിൽ തന്റെ പ്രഭാഷണം നടത്തി.

ഈ മനോഭാവങ്ങളോടെ, കർത്താവ് നമുക്കായി കഴിഞ്ഞ വർഷം ചെയ്തുതന്ന കാര്യങ്ങളെക്കുറിച്ച് വിചിന്തനം ചെയ്യാനായാണ് ഇന്ന് നാം വിളിക്കപ്പെട്ടിരിക്കുന്നത്. അതോടൊപ്പം സത്യസന്ധമായ ആത്മപരിശോധന നടത്താനും, അവിടുന്നു നമുക്ക് നൽകിയ ദാനങ്ങളോടുള്ള നമ്മുടെ പ്രതികരണം എപ്രകാരമായിരുന്നുവെന്ന് വിലയിരുത്താനും, അവൻ നമുക്കേകിയ പ്രചോദനങ്ങളെ വിലമതിക്കാനും, അവൻ നമ്മിൽ ഭരമേല്പിച്ചിരുന്ന താലന്തുകൾ ഏറ്റവും മെച്ചപ്പെട്ട രീതിയിൽ നിക്ഷേപിക്കാനും സാധിക്കാതിരുന്ന (മത്തായി 25, 14-30) നിമിഷങ്ങളെയോർത്ത് ക്ഷമ യാചിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നു.

ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നും, പത്രോസിന്റെ കല്ലറയ്ക്കരികിലെത്തി പ്രാർത്ഥിക്കാനും, ക്രിസ്തുവിനോടൊപ്പമായിരിക്കാനുള്ള അവരുടെ തീരുമാനം ഉറപ്പിക്കാനുമായി ഒരുപാട് തീർത്ഥാടകർ ഈ വർഷം ഇവിടെത്തി. നമ്മുടെ ജീവിതം തന്നെ ഒരു യാത്രയാണെന്നും, അതിന്റെ ആത്യന്തിക ലക്ഷ്യം സ്ഥലകാലങ്ങൾ കഴിഞ്ഞ് പോകുന്നതാണെന്നും, ദൈവവുമായുള്ള കണ്ടുമുട്ടലിലും, അവനുമായുള്ള പൂർണ്ണവും ശാശ്വതവുമായ കൂട്ടായ്മയിലും ആണ് പൂർത്തീകരിക്കപ്പെടുക എന്നുമാണ് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നതെന്നും പാപ്പ പറഞ്ഞു. (കത്തോലിക്കാസഭയുടെ ഔദ്യോഗിക മതബോധനഗ്രന്ഥം, 1024).

Tags

Share this story

From Around the Web