ലിയോ പാപ്പയുടെ പ്രഥമ അപ്പസ്തോലിക പ്രബോധനം “ദിലെക്സി തേ” പുറത്തിറക്കി

വത്തിക്കാൻ സിറ്റി: ലിയോ പതിനാലാമൻ പാപ്പയുടെ ആദ്യ അപ്പസ്തോലിക പ്രബോധനം “ദിലെക്സി തേ” (ഞാൻ നിന്നെ സ്നേഹിച്ചു) വത്തിക്കാൻ ഔദ്യോഗികമായി പുറത്തിറക്കി. സമൂഹത്തിലെ ദാരിദ്ര്യം, സാമ്പത്തിക അസമത്വം, സ്ത്രീകളെതിരായ അക്രമം, പോഷകാഹാരക്കുറവ്, വിദ്യാഭ്യാസ പ്രതിസന്ധി, കുടിയേറ്റം, സാമൂഹിക അനീതി തുടങ്ങി നിരവധി സാമൂഹിക വിഷയങ്ങളാണ് പ്രബോധനത്തിൽ ആഴത്തിൽ പ്രതിപാദിച്ചിരിക്കുന്നത്.
വിശുദ്ധ ഫ്രാൻസിസ് അസിസിയുടെ തിരുനാൾ ദിനമായ ഒക്ടോബർ നാലിന് പാപ്പ ഒപ്പുവെച്ച ഈ പ്രബോധനം ഒക്ടോബർ ഒമ്പത് വ്യാഴാഴ്ചയാണ് പ്രസിദ്ധീകരിച്ചത്. ദൈവ സ്നേഹവും പാവപ്പെട്ടവരോടുള്ള സ്നേഹവും പരസ്പരം ബന്ധിതമാണെന്നും ക്രിസ്തുവിന്റെ സ്നേഹം ജീവിക്കുക എന്നത് പാവപ്പെട്ടവരെ സ്നേഹിക്കുന്നതിലൂടെയാണെന്നും ലിയോ പാപ്പ ഓർമ്മിപ്പിക്കുന്നു.
121 ഖണ്ഡികകളിലായി പാവപ്പെട്ടവർക്കും രോഗികൾക്കും നൽകേണ്ട പരിചരണം, അടിമത്തത്തിനെതിരായ പോരാട്ടം, സ്ത്രീസുരക്ഷ, വിദ്യാഭ്യാസാവകാശം, കുടിയേറ്റക്കാർക്ക് പിന്തുണ, കാരുണ്യപ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സമൂഹത്തിൽ അവഗണനയും അക്രമവും നേരിടുന്ന സ്ത്രീകളെ പാപ്പ പ്രത്യേകമായി അനുസ്മരിക്കുന്നുണ്ട്.
സമൂഹത്തിൽ പാവപ്പെട്ടവർ ഉണ്ടാകുന്നത് അവരുടെ വിധികൊണ്ടല്ല. സർക്കാരുകൾ മാത്രമല്ല, ഓരോ ക്രൈസ്തവരും ദരിദ്രരുടെ കഷ്ടപ്പാടുകൾ സ്പർശിക്കുന്നവിധം കാരുണ്യപ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും പാപ്പ ആഹ്വാനം ചെയ്യുന്നു.
ആദ്യഘട്ടത്തിൽ പ്രബോധനം എട്ട് ഭാഷകളിലായി പുറത്തിറക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിലേക്കുള്ള ഔദ്യോഗിക പരിഭാഷകൾ പ്രസിദ്ധീകരിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു.