2026-ലെ ആഗോള സമാധാന ദിനത്തിലേക്കുള്ള ലെയോ പാപ്പയുടെ സന്ദേശം പ്രസിദ്ധീകരിച്ചു
2026-ലെ ആഗോള സമാധാന ദിനത്തിലേക്കുള്ള ലെയോ പതിനാലാമൻ പാപ്പയുടെ സന്ദേശം പ്രസിദ്ധീകരിച്ചു. “നിങ്ങൾക്ക് സമാധാനം: ആയുധരഹിതവും നിരായുധീകരിക്കുന്നതുമായ സമാധാനത്തിലേക്ക്” എന്നതാണ് ഈ സന്ദേശത്തിന്റെ പ്രമേയം. ജനുവരി ഒന്നാം തിയതിയാണ് ലോകസമാധാനദിനമായി ആചരിക്കുന്നത്.
അക്രമത്തിന്റെയും യുദ്ധത്തിന്റെയും യുക്തി ഉപേക്ഷിച്ച്, സമാധാനം ജീവിക്കുന്ന ഒരു സമൂഹം കെട്ടിപ്പടുക്കാൻ പാപ്പ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു. ഡിസംബർ 18 വ്യാഴാഴ്ച പ്രസിദ്ധീകരിച്ച സുദീർഘമായ രേഖയിലൂടെയാണ്, ആയുധരഹിതവും നിരായുധീകരിക്കുന്നതുമായ സമാധാനത്തിലേക്ക് പരിശുദ്ധ പിതാവ് ആഗോള സമൂഹത്തെ ക്ഷണിച്ചത്.
സമാധാനത്തിനായുള്ള പരിശ്രമം, അക്രമത്തിന്റെ പാത വെടിഞ്ഞുള്ളതായിരിക്കണമെന്നും പാപ്പ സന്ദേശത്തിലൂടെ ഓർമ്മിപ്പിച്ചു. ഭയത്തിലും ഭീഷണിയിലും ആയുധബലത്തിലും അധിഷ്ഠിതമായ സമാധാന സ്ഥാപനശ്രമങ്ങളെ പാപ്പയുടെ സന്ദേശം തള്ളിക്കളഞ്ഞു. ആയുധരഹിതമായതും, സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്യുന്നതും, ഹൃദയങ്ങളെ കൂടുതൽ വിശാലമാക്കുന്നതും, മറ്റുള്ളവരിൽ വിശ്വാസവും സഹാനുഭൂതിയും പ്രത്യാശയും പകരുന്നതുമാകണം യഥാർത്ഥ സമാധാനശ്രമം.
ഉത്ഥിതനായ ക്രിസ്തു തന്റെ ശിഷ്യർക്ക് നൽകുന്ന “നിങ്ങൾക്ക് സമാധാനം” (യോഹന്നാൻ 20, 19) എന്ന അഭിവാദ്യത്തോടെയാണ് 2026-ലെ ആഗോളസമാധാനദിനത്തിലേക്കുള്ള തന്റെ സന്ദേശം പരിശുദ്ധ പിതാവ് ആരംഭിച്ചത്. ഉത്ഥിതൻ നൽകുന്ന സമാധാനം, ആയുധരഹിതമായതും നിരായുധീകരിക്കുന്നതുമായ സമാധാനം എന്നീ മൂന്ന് ആശയങ്ങളാണ് തന്റെ സന്ദേശത്തിൽ പാപ്പാ വിശദീകരിക്കുന്നത്. സമാധാന സ്ഥാപനത്തിനായുള്ള പരിശുദ്ധ പിതാവിന്റെ ആഹ്വാനം വിശ്വാസികളും അവിശ്വാസികളുമായ ഏവർക്കും, പ്രത്യേകിച്ച് രാഷ്ട്രീയ-അധികാര മേഖലകളിൽ പ്രവർത്തിക്കുന്ന ഇവർക്കുമുള്ള ഒരു വിളിയും മാതൃകയുമാണ്.
പോൾ ആറാമൻ പാപ്പാ 1967 ഡിസംബർ എട്ടിന് നൽകിയ ഒരു സന്ദേശത്തിലൂടെ സ്ഥാപിക്കപ്പെട്ട ആഗോളസമാധാനദിനം 1968 ജനുവരി ഒന്നിനാണ് ആദ്യമായി ആചരിക്കപ്പെട്ടത്.