ലെയോ പാപ്പയുടെ അപ്പസ്തോലിക സന്ദർശനം ഏപ്രിൽ 13 മുതൽ 23 വരെ നാല് ആഫ്രിക്കൻ രാജ്യങ്ങളിലേക്ക്
ഏപ്രിൽ 13 മുതൽ 23 വരെ ആഫ്രിക്കൻ രാജ്യങ്ങളായ അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനിയ എന്നിവിടങ്ങളിലേക്ക് ലെയോ പതിനാലാമൻ മാർപ്പാപ്പ നടത്തുന്ന അപ്പസ്തോലിക യാത്രയുടെ വിശദാംശങ്ങൾ പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് ഡയറക്ടർ മത്തിയോ ബ്രൂണി വിശദീകരിച്ചു.
ഏപ്രിൽ ഒമ്പതിന് നടന്ന പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാല് രാജ്യങ്ങളിലേക്ക് പാപ്പ നടത്തുന്ന സന്ദർശനത്തിൽ ഇംഗ്ലീഷ്, ഫ്രഞ്ച്, പോർച്ചുഗീസ്, സ്പാനിഷ് ഭാഷകളിൽ പ്രസംഗിക്കും. സമാധാനം, കുടിയേറ്റം, പരിസ്ഥിതി, യുവാക്കൾ, കുടുംബം എന്നിവയാണ് പാപ്പ അഭിസംബോധന ചെയ്യുന്ന പ്രധാന വിഷയങ്ങൾ. പ്രത്യേക സുരക്ഷാ നടപടികളൊന്നും ആസൂത്രണം ചെയ്തിട്ടില്ല എന്നും ബ്രൂണി പറഞ്ഞു.
ലെയോ പാപ്പയുടെ ഏറ്റവും ദൈർഘ്യമേറിയ യാത്രയും അൾജീരിയയിലേക്കുള്ള ആദ്യ സന്ദർശനവുമാണിത്, സാംസ്കാരികവും ഭാഷാപരവുമായ വൈവിധ്യം അടയാളപ്പെടുത്തിയ സ്ഥലങ്ങളും സന്ദർഭങ്ങളും, സംഘർഷം, കുടിയേറ്റം, മതാന്തര സഹവർത്തിത്വം എന്നിവയുൾപ്പെടെയുള്ള സാമൂഹികവും രാഷ്ട്രീയവുമായ വെല്ലുവിളികളും യാത്രാ പരിപാടിയിൽ ഉൾപ്പെടുന്നു.
അൾജീരിയയിൽ, വിശുദ്ധ അഗസ്റ്റിന്റെ പാരമ്പര്യത്തെക്കുറിച്ചും വടക്കേ ആഫ്രിക്കയിലെ ക്രിസ്ത്യൻ സാന്നിധ്യത്തെക്കുറിച്ചും പരാമർശങ്ങൾ ഉണ്ടാകും. ഭൂമിയുടെയും പാരമ്പര്യങ്ങളുടെയും ഭാഷകളുടെയും വൈവിധ്യവും സമ്പന്നതയും കാരണം ‘ചെറിയ ആഫ്രിക്ക’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാമറൂണിൽ, സമാധാനം, സഹവർത്തിത്വം, യുവത്വം, സമഗ്ര മനുഷ്യ വികസനം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാർപ്പാപ്പ അഭിസംബോധന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
അംഗോളയിൽ, യുവാക്കളുടെ പങ്ക്, പ്രകൃതി, മനുഷ്യവിഭവശേഷി, അഴിമതിയുടെയും കൊളോണിയൽ ചരിത്രത്തിന്റെയും ആഘാതം എന്നിവ ചർച്ചാ വിഷയമാകും. ഇക്വറ്റോറിയൽ ഗിനിയയിൽ, സംസ്കാരത്തിനും വിദ്യാഭ്യാസത്തിനും ശ്രദ്ധ നൽകും. അതുപോലെ തന്നെ വിഭവസമൃദ്ധമായ ഒരു പ്രദേശത്ത് സമാധാനം പ്രോത്സാഹിപ്പിക്കുന്നതിൽ സഭയുടെ പങ്കിനും ശ്രദ്ധ നൽകും.
പാപ്പൽ പ്രതിനിധി സംഘത്തിൽ ആഫ്രിക്കയിൽ നിന്നുള്ള നിരവധി കർദ്ദിനാൾമാർക്കൊപ്പം വിവിധ ഡികാസ്റ്ററികളുടെ പ്രതിനിധികളും ഉൾപ്പെടും.