ലെയോ പാപ്പയുടെ സ്പെയിൻ സന്ദർശനം: എട്ടു വർഷത്തിനിടെ ആദ്യമായി പൊതു വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്
ലെയോ പതിനാലാമൻ പാപ്പയുടെ സ്പെയിൻ സന്ദർശനത്തോടനുബന്ധിച്ച് സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് തന്റെ എട്ട് വർഷത്തെ ഭരണകാലത്തിനിടയിൽ ആദ്യമായി വിശുദ്ധ കുർബാനയിൽ പങ്കെടുക്കും. ബാഴ്സലോണയിലെ പ്രശസ്തമായ സാഗ്രദ ഫാമിലിയ ബസിലിക്കയിൽ ജൂൺ പത്തിന് നടക്കുന്ന തിരുക്കർമ്മങ്ങളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുക.
ഭരണമേറ്റതു മുതൽ ഔദ്യോഗിക പദവിയിലിരിക്കെ വിശുദ്ധ കുർബാനയിൽ നിന്നും മതപരമായ ചടങ്ങുകളിൽ നിന്നും പൂർണ്ണമായും വിട്ടുനിൽക്കുന്ന ശൈലിയായിരുന്നു സോഷ്യലിസ്റ്റ് നേതാവായ പെഡ്രോ സാഞ്ചസ് സ്വീകരിച്ചിരുന്നത്. മുൻപ് കോവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകളിലും ദുരന്തബാധിതർക്കായുള്ള പ്രാർഥനകളിലും രാജകുടുംബം പങ്കെടുത്തപ്പോൾ പോലും സാഞ്ചസ് മതനിരപേക്ഷമായ ചടങ്ങുകൾ മാത്രമാണ് സംഘടിപ്പിച്ചിരുന്നത്. എന്നാൽ ലെയോ പതിനാലാമൻ മാർപാപ്പയുടെ ചരിത്രപ്രധാനമായ സന്ദർശനത്തോടെ ഈ നിലപാടിൽ മാറ്റം വരികയാണ്.
പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന് പുറമെ സ്പാനിഷ് രാജകുടുംബവും കാറ്റലോണിയൻ പ്രസിഡന്റ് സാൽവഡോർ ഇല്ലയും എണ്ണായിരത്തോളം വിശ്വാസികളും ചടങ്ങിൽ പങ്കാളികളാകും. ജൂൺ എട്ടിന് മാഡ്രിഡിലെ വത്തിക്കാൻ നയതന്ത്ര കാര്യാലയത്തിൽ വച്ച് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പാപ്പയുമായി വ്യക്തിപരമായ കൂടിക്കാഴ്ച നടത്തും. തുടർന്ന് സ്പാനിഷ് പാർലമെന്റായ കോൺഗ്രസ് ഓഫ് ഡെപ്യൂട്ടീസിൽ നടക്കുന്ന ഔദ്യോഗിക സ്വീകരണത്തിലും ഇരുവരും ഒന്നിച്ച് പങ്കെടുക്കും.