വെനസ്വേലൻ നോബൽ സമ്മാനജേതാവ് മരിയ കൊറീന മച്ചാദോയുമായി കൂടിക്കാഴ്ച നടത്തി ലെയോ പാപ്പ
വെനസ്വേലൻ നോബൽ സമ്മാനജേതാവ് മരിയ കൊറീന മച്ചാദോയുമായി വത്തിക്കാനിലെ അപ്പസ്തോലിക് കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തി ലെയോ പതിനാലാമൻ പാപ്പ. 2025 ഒക്ടോബറിൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വ്യക്തിയാണ് വെനിസ്വേലൻ ദേശീയ അസംബ്ലിയിലെ മുൻ അംഗം മരിയ കൊറീന മച്ചാദോ.
വെനിസ്വേലയിലെ ഒരു രാഷ്ട്രീയക്കാരിയും മനുഷ്യാവകാശ പ്രവർത്തകയുമാണ് മച്ചാദോ. മഡുറോയുടെ സർക്കാരിനെ എപ്പോഴും എതിർത്തിരുന്ന ലിബറൽ-യാഥാസ്ഥിതിക പാർട്ടിയായ ‘വെന്റെ വെനസ്വേല’യെ നയിക്കുന്നത് ഇവരാണ്. രാജ്യം വിട്ടുപോകാൻ നിർബന്ധിതയായ അവർ ഡിസംബറിൽ സമാധാനത്തിനുള്ള നോബൽ സമ്മാനം സ്വീകരിക്കാൻ ഓസ്ലോയിൽ എത്തിയിരുന്നു.
ജനുവരി മൂന്നിന് വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിൽ ‘ഓപ്പറേഷൻ അബ്സൊല്യൂട്ട് റിസോൾവ്’ എന്നറിയപ്പെടുന്ന യുഎസ് സൈനിക നടപടിയിൽ പ്രസിഡന്റ് നിക്കോളാസ് മഡുറോയും ഭാര്യ സിലിയ ഫ്ലോറസും പിടിക്കപ്പെട്ടിരുന്നു. അതിനുശേഷം ഏകദേശം പത്തുദിവസങ്ങൾക്കു ശേഷമാണ് ഈ കൂടിക്കാഴ്ച നടന്നത്. മയക്കുമരുന്ന് കടത്ത്, മയക്കുമരുന്ന് ഭീകരത എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ട മഡുറോ നിലവിൽ അമേരിക്കയിലെ ബ്രൂക്ലിനിലുള്ള മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിലാണ്.
ഡെൽസി റോഡ്രിഗസിന്റെ താൽക്കാലിക ഭരണത്തിൻകീഴിലുള്ള വെനസ്വേലയിൽ അമേരിക്കൻ സൈനിക ഇടപെടലുകളെ തുടർന്ന് നിരവധി രാഷ്ട്രീയതടവുകാരെ മോചിപ്പിച്ചതിനെക്കുറിച്ചുള്ള വാർത്തകൾ സമീപദിവസങ്ങളിൽ പുറത്തുവന്നിട്ടുണ്ട്. അതേസമയം, പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഈ ആഴ്ച മച്ചാദോ വാഷിംഗ്ടണിൽ എത്തുമെന്നും കരുതുന്നു.