ജനുവരിയിൽ റോമിൽ വെച്ച് യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി ലെയോ പാപ്പ
ലെയോ പതിനാലാമൻ മാർപാപ്പ ജനുവരിയിൽ റോമിൽ വെച്ച് യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തും. എപ്പിഫനി തിരുനാളിൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ വിശുദ്ധ വാതിൽ അടയ്ക്കുന്നതോടെ പ്രത്യാശയുടെ ജൂബിലി വർഷത്തിന് സമാപനമാകും. അതിനുശേഷം 2026 ജനുവരി പത്തിന് വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ വെച്ചാണ് പാപ്പ കൗമാരക്കാരുമായും യുവജനങ്ങളുമായും കൂടിക്കാഴ്ച നടത്തുന്നത്.
പ്രാദേശിക സമയം വൈകുന്നേരം 5:00 മണിക്ക് ആരംഭിക്കുന്ന യോഗത്തിൽ മതബോധന പഠനങ്ങളിൽ പങ്കെടുക്കുന്ന യുവജനങ്ങൾ, ഇടവക ഗ്രൂപ്പുകൾ, പ്രസ്ഥാനങ്ങളിലെയും അസോസിയേഷനുകളിലെയും അംഗങ്ങൾ, കത്തോലിക്കാ കായിക ഗ്രൂപ്പുകൾ, സർവകലാശാലാ വിദ്യാർഥികൾ എന്നിവർ പങ്കെടുക്കുമെന്ന് റോം വികാരിയേറ്റിന്റെ പ്രസ്താവനയിൽ പറയുന്നു. റോമിലെ മാർപാപ്പയുടെ വികാരിയായ ഇറ്റാലിയൻ കർദ്ദിനാൾ ബൽദസാരെ റെയ്‌നയാണ് ഈ പരിപാടിക്ക് നേതൃത്വം നൽകുന്നത്. നവംബർ 21-ന് നടന്ന ‘നൈറ്റ് ഇൻ ദി കത്തീഡ്രൽ’ എന്ന പ്രാർഥനാ സമ്മേളനത്തിലാണ് ഈ യുവജന മീറ്റിംഗിനെക്കുറിച്ച് അദ്ദേഹം പ്രഖ്യാപനം നടത്തിയത്.
വിശുദ്ധ പത്രോസിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം, റോമിലെ ബിഷപ്പ് കൂടിയായ ലെയോ പതിനാലാമൻ മാർപാപ്പ, യുവജനങ്ങളുമായി രണ്ട് പ്രധാന കൂടിക്കാഴ്ചകൾ നടത്തി: ഓഗസ്റ്റിൽ തോർ വെർഗറ്റയിൽ ഒരു ദശലക്ഷത്തിലധികം ആളുകളുടെ ഒരു വലിയ സമ്മേളനത്തോടുകൂടിയ ജൂബിലി, യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നുള്ള 16,000 യുവാക്കളുമായി ഒരു വെർച്വൽ മീറ്റിംഗ് എന്നിവയാണവ.