ഗർഭച്ഛിദ്ര ഭീഷണി നേരിടുന്ന കുഞ്ഞുങ്ങൾക്കായി പോളണ്ടിലെ സഭയുടെ അജപാലന പദ്ധതിക്ക് ലെയോ പാപ്പയുടെ അനുഗ്രഹം
ഗർഭച്ഛിദ്ര ഭീഷണി നേരിടുന്ന കുഞ്ഞുങ്ങളെയും പ്രതിസന്ധിയിലായ ഗർഭിണികളെയും സംരക്ഷിക്കുന്നതിനായി പോളണ്ടിലെ കത്തോലിക്കാ സഭ ആവിഷ്കരിച്ച പുതിയ അജപാലന പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. വത്തിക്കാനിൽ നടന്ന പൊതുദർശനവേളയിൽ പദ്ധതിയുടെ ഭാരവാഹികളുമായി സംസാരിക്കവെയാണ് മാർപാപ്പ അനുഗ്രഹം അറിയിച്ചത്.
ജീവന്റെ പവിത്രത കാത്തുസൂക്ഷിക്കേണ്ടത് സഭയുടെയും സമൂഹത്തിന്റെയും കടമയാണെന്ന് ഓർമ്മിപ്പിച്ച മാർപാപ്പ, ഗർഭസ്ഥശിശുക്കളുടെ ജീവൻ രക്ഷിക്കാൻ സന്നദ്ധരായി മുന്നോട്ടുവന്ന പോളണ്ടിലെ വിശ്വാസികളെ പാപ്പ പ്രത്യേകം അഭിനന്ദിച്ചു. ‘ജനിക്കാത്ത കുഞ്ഞുങ്ങളുടെ ആത്മീയ ദത്തെടുക്കൽ’ എന്ന ആശയത്തിന് ഊന്നൽ നൽകുന്നതാണ് ഈ പദ്ധതി. ഗർഭച്ഛിദ്രം നടത്താൻ സാധ്യതയുള്ള അമ്മമാരുടെ കുഞ്ഞുങ്ങൾ സുരക്ഷിതമായി ജനിക്കുന്നതിനായി ഒൻപത് മാസക്കാലം വിശ്വാസികൾ പ്രാർഥനയും പരിത്യാഗപ്രവൃത്തികളും ഏറ്റെടുക്കുന്ന രീതിയാണിത്.
കേവലം പ്രാർഥന മാത്രമല്ല, സാമ്പത്തികമായും മാനസികമായും തകർന്നുനിൽക്കുന്ന അമ്മമാർക്ക് ആവശ്യമായ ചികിത്സാസഹായവും തൊഴിൽപരിശീലനവും ഉറപ്പാക്കാൻ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ടെന്ന് ഭാരവാഹികൾ വ്യക്തമാക്കി.