സ്പെയിനിലെ ട്രെയിനപകടം: മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് പ്രാർഥനകളും അനുശോചനങ്ങളും അറിയിച്ച് ലെയോ പാപ്പ
ജനുവരി 19 ന് സ്പെയിനിലുണ്ടായ ട്രെയിനപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് ലെയോ പതിനാലാമൻ പാപ്പ പ്രാർഥനകളും അനുശോചനങ്ങളും അറിയിച്ചു. ഈ അപകടത്തിൽ 39 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ജനുവരി 19 ന് പുറത്തിറക്കിയ, സ്പാനിഷിൽ എഴുതിയതും കർദിനാൾ സ്റ്റേറ്റ് സെക്രട്ടറി പിയത്രോ പരോളിൻ ഒപ്പിട്ടതുമായ ലെയോ പതിനാലാമൻ പാപ്പയുടെ ടെലഗ്രാം സന്ദേശത്തിൽ മാർപാപ്പ അനുശോചനം അറിയിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുന്നതിനായി പാപ്പ പ്രാർഥന അറിയിച്ചു. രക്ഷാപ്രവർത്തകർ ദുരിതാശ്വാസത്തിനും സഹായത്തിനുമുള്ള അവരുടെ ശ്രമങ്ങളിൽ തുടരാൻ പാപ്പ പ്രോത്സാഹിപ്പിച്ചു.
ഞായറാഴ്ച വൈകുന്നേരം, തെക്കൻ സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിലേക്കു പോയ ട്രെയിൻ എതിർട്രാക്കിലേക്ക് പാളം തെറ്റി എതിരെവന്ന ഒരു ട്രെയിനിൽ ഇടിക്കുകയായിരുന്നു. ബിബിസി പറയുന്നതനുസരിച്ച്, രണ്ട് ട്രെയിനുകളിലും യാത്രക്കാരും ജീവനക്കാരുമായി നാനൂറോളം പേർ ഉണ്ടായിരുന്നു എന്നാണ്. കുറഞ്ഞത് 39 പേർ മരിച്ചതായി സ്പാനിഷ് അധികൃതർ പറയുന്നുണ്ടെങ്കിലും എണ്ണം ഇതുവരെ അന്തിമമല്ല. 48 പേർ ഇപ്പോഴും ആശുപത്രിയിലാണ്. അപകടത്തിന്റെ കാരണം വ്യക്തമല്ല.