ശുശ്രൂഷാപൗരോഹിത്യം പുരുഷന്മാർക്ക് മാത്രമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കി ലെയോ പാപ്പ

 
LEO POPE

കത്തോലിക്കാ സഭയിലെ പൗരോഹിത്യശുശ്രൂഷ പുരുഷന്മാർക്കു മാത്രമായി നിശ്ചയിച്ചിരിക്കുന്നത് അപ്പസ്തോലിക പിൻതുടർച്ചയുടെ ഭാഗമാണെന്ന് വ്യക്തമാക്കി ലെയോ പതിനാലാമൻ മാർപാപ്പ. ബുധനാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പാപ്പ.

​രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ‘ലുമെൻ ജെൻസിയം’ എന്ന പ്രമാണരേഖയെ ആസ്പദമാക്കി നടത്തിയ പ്രസംഗത്തിൽ, സഭയുടെ ഘടന കേവലം മാനുഷികമല്ലെന്നും അത് ദൈവികമാണെന്നും മാർപാപ്പ ഓർമ്മിപ്പിച്ചു. ക്രിസ്തു നേരിട്ട് തിരഞ്ഞെടുത്ത പന്ത്രണ്ട് അപ്പസ്തോലന്മാരുടെ ദൗത്യം തുടരാൻ നിയോഗിക്കപ്പെട്ടവരാണ് വൈദികർ. ക്രിസ്തുവിൽ നിന്ന് ലഭിച്ച ഈ പാരമ്പര്യം വിശ്വസ്തതയോടെ കാത്തുസൂക്ഷിക്കുന്നതിനാലാണ് പൗരോഹിത്യം പുരുഷന്മാരിൽ പരിമിതപ്പെടുത്തിയിരിക്കുന്നത് എന്നും പാപ്പ വിശദീകരിച്ചു.

വൈദികശുശ്രൂഷ എന്നത് ഒരു അധികാരമല്ല, മറിച്ച് സഭയുടെ ഐക്യത്തിനും വിശുദ്ധീകരണത്തിനുമായുള്ള ഒരു ‘ശുശ്രൂഷ’ ആണെന്ന് മാർപാപ്പ ഊന്നിപ്പറഞ്ഞു. സാധാരണ വിശ്വാസികളുടെ പൊതുപൗരോഹിത്യത്തിൽ നിന്ന് വ്യത്യസ്തമാണ് ശുശ്രൂഷാപരമായ പൗരോഹിത്യമെന്നും പാപ്പ കൂട്ടിച്ചേർത്തു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സുവിശേഷപ്രഘോഷണത്തിനായി ധീരരായ മിഷനറിമാരെയും വൈദികരെയും അയയ്ക്കാൻ പ്രാർഥിക്കണമെന്നും പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

Tags

Share this story

From Around the Web