സിസ്റ്റൈൻ ചാപ്പലിലെ ക്രിസ്തുമസ് സംഗീതപരിപാടി സമാധാനമില്ലാത്ത കുട്ടികൾക്കായി സമർപ്പിച്ച് ലെയോ പാപ്പ
ജനുവരി മൂന്നിന് വൈകുന്നേരം സിസ്റ്റൈൻ ചാപ്പലിൽ നടന്ന ക്രിസ്തുമസ് സംഗീത പരിപാടി ലെയോ പതിനാലാമൻ പാപ്പ സമർപ്പിച്ചിരിക്കുന്നത് സമാധാനമില്ലാത്ത കുട്ടികൾക്കായിട്ടാണ്. സംഗീത പരിപാടിക്കായി സന്നിഹിതരായ എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട്, ശ്രോതാക്കളെ സംഗീതത്തിന്റെയും ഗാനത്തിന്റെയും ഭാഷയിലൂടെ ക്രിസ്മസിന്റെ രഹസ്യത്തിലേക്ക് – മനസ്സിനോട് മാത്രമല്ല, ഹൃദയത്തോടും സംസാരിക്കാൻ കഴിവുള്ള ഒരു ഭാഷയിലേക്ക് നയിച്ചതിന് ഗായകസംഘത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് പാപ്പ സന്ദേശം ആരംഭിച്ചത്.
സംഗീതം ക്രിസ്മസ് വിരുന്നിൽ ചേർക്കുന്ന ഒരു അലങ്കാരമല്ല, മറിച്ച് അതിന്റെ സത്തയുടെ ഭാഗമാണെന്ന് പാപ്പ വിശദീകരിച്ചു. “ലോകത്തിലെ എല്ലായിടത്തും, എല്ലാ ഭാഷകളിലും രാജ്യങ്ങളിലും, ബെത്‌ലഹേം സംഭവം സംഗീതത്തോടും ആലാപനത്തോടും കൂടി ആഘോഷിക്കപ്പെടുന്നു.
അത് മറ്റൊന്നാകാൻ കഴിയില്ല, കാരണം കന്യകാമറിയം രക്ഷകനെ പ്രസവിച്ചപ്പോൾ, സ്വർഗത്തിലെ മാലാഖമാർ ‘ദൈവത്തിന് മഹത്വവും ഭൂമിയിൽ സമാധാനവും’ എന്ന് പാടിയതായി സുവിശേഷം തന്നെ പറയുന്നുണ്ട്.” പാപ്പ കൂട്ടിച്ചേർത്തു.
ആദ്യത്തെ ‘ക്രിസ്മസ് കച്ചേരി’യെ അനുസ്മരിച്ചുകൊണ്ട്, ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടും സ്തുതിച്ചുകൊണ്ടും മടങ്ങിയെത്തിയ ബെത്‌ലഹേമിലെ ഇടയന്മാരുടെ ചിത്രത്തിലേക്ക് പാപ്പ തിരിഞ്ഞു. “അവർ പാടിയും, ഒരുപക്ഷേ ലളിതമായ ഓടക്കുഴലുകൾ വായിച്ചും അങ്ങനെ ചെയ്തുവെന്ന് ഞാൻ സങ്കൽപ്പിക്കാൻ ഇഷ്ടപ്പെടുന്നു” പാപ്പ വ്യക്തമാക്കി.
“എന്നിരുന്നാലും, സ്വർഗ്ഗീയ സംഗീതം പ്രതിധ്വനിക്കുന്ന മറ്റൊരു സ്ഥലമുണ്ടായിരുന്നു – കൂടുതൽ അടുപ്പമുള്ള ഒരു സ്ഥലം. നിശബ്ദവും, ഓർമ്മിക്കപ്പെടുന്നതും, ഏറ്റവും സെൻസിറ്റീവുമായ ഒരു സ്ഥലം: മറിയത്തിന്റെ ഹൃദയം. അവളിൽ നിന്ന്, സഭ നിശബ്ദതയിൽ കേൾക്കാൻ പഠിക്കുന്നു.” പാപ്പ വിശദമാക്കി