സ്വിറ്റ്സർലൻഡിലെ തീപിടുത്തത്തിൽ ഇരകളയാവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് ലെയോ പാപ്പ
സ്വിറ്റ്സർലൻഡിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ക്രാൻസ് – മോണ്ടാനയിൽ പുതുവത്സര ദിനത്തിലുണ്ടായ ദാരുണമായ തീപിടുത്തത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളുമായി ലെയോ പതിനാലാമൻ മാർപാപ്പ കൂടിക്കാഴ്ച നടത്തി. വത്തിക്കാനിൽ നടന്ന വികാരാധീനമായ കൂടിക്കാഴ്ചയിൽ ദുരന്തത്തിൽ തകർന്ന കുടുംബങ്ങൾക്ക് പാപ്പ വിശ്വാസത്തിന്റെയും പ്രത്യാശയുടെയും സന്ദേശം പകർന്നു.
”ക്രിസ്തുവിന്റെ സാമീപ്യത്തിലും സ്നേഹത്തിലും ഉറച്ചുനിൽക്കുക. നിങ്ങളുടെ വേദനകളിൽ അവൻ അകലെയല്ല നിങ്ങളോടൊപ്പം തന്നെ ഉണ്ട്. പുതുവത്സര ആഘോഷങ്ങൾക്കിടയിൽ ഇത്തരമൊരു ദുരന്തം സംഭവിച്ചതിൽ ഞാൻ അതീവ ദുഃഖിതനാണ്”- മാർപാപ്പ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു.
ജനുവരി ഒന്നിന് ക്രാൻസ് – മോണ്ടാനയിലെ ഒരു ബാറിൽ നടന്ന ആഘോഷങ്ങൾക്കിടെയാണ് സ്ഫോടനവും തീപിടുത്തവുമുണ്ടായത്. അപകടത്തിൽ 40 പേർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മരിച്ചവരിൽ ഭൂരിഭാഗവും യുവാക്കളാണ്.
കൂടിക്കാഴ്ചയുടെ അവസാനം മാർപാപ്പ എല്ലാവർക്കുമായി അപ്പസ്തോലിക അനുഗ്രഹം നൽകുകയും പ്രത്യേകം പ്രാർഥിക്കുകയും ചെയ്തു.