പ്രതിഷേധങ്ങൾ തുടരുന്ന ഇറാനിലും സിറിയയിലും ക്ഷമയും സംഭാഷണവും വേണമെന്ന് ആഹ്വാനം ചെയ്ത് ലെയോ പാപ്പ
പ്രതിഷേധങ്ങൾ തുടരുന്ന ഇറാനിലും, അലപ്പോ നഗരത്തിൽ കുർദിഷ് സേനയുമായി സൈന്യം പോരാടുന്ന സിറിയയിലും സമാധാനത്തിനായി ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ പാപ്പ. അതേസമയം, ഉക്രൈനിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ റഷ്യയുടെ ആക്രമണങ്ങളെ പാപ്പ അപലപിച്ചു. ജനുവരി 11 ന് ആഞ്ചലൂസ് പ്രാർഥനയ്ക്കിടെയാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.
ഡിസംബർ അവസാനം മുതൽ, ഇറാൻ ഭരണകൂടത്തിനെതിരായ സംഘർഷങ്ങൾ ആരംഭിച്ചിരുന്നു. രാജ്യത്തെ പല പ്രവിശ്യകളിലേക്കും ഇവ വ്യാപിച്ചു. കൂടാതെ, സുരക്ഷാസേനയുടെ അടിച്ചമർത്തലുകളും നേരിടുന്നുണ്ട്. സിറിയയിൽ, വടക്കൻ നഗരമായ അലപ്പോയിൽ സൈന്യവും കുർദിഷ് സേനയും തമ്മിൽ സമീപദിവസങ്ങളിൽ വ്യാപകമായ പോരാട്ടം നടന്നുവരികയാണ്. ഈ രണ്ട് രാജ്യങ്ങളെക്കുറിച്ചും സംസാരിക്കുമ്പോൾ, സമൂഹത്തിന്റെ മുഴുവൻ പൊതുനന്മയും മുൻനിർത്തി ക്ഷമയോടെ സംഭാഷണവും സമാധാനവും വളർത്തിയെടുക്കപ്പെടുമെന്ന് താൻ പ്രതീക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നുവെന്ന് മാർപാപ്പ പറഞ്ഞു.
റഷ്യൻ ബോംബാക്രമണത്തിൽ ദുരിതമനുഭവിക്കുന്ന ഉക്രേനിയൻ ജനതയുടെ ദുരവസ്ഥയെ പാപ്പ അനുസ്മരിച്ചു. “ഈ ആക്രമണങ്ങൾ ഗുരുതരമാണ്. പ്രധാനമായും അവ ഊർജ അടിസ്ഥാനസൗകര്യങ്ങളെ ലക്ഷ്യംവച്ചുള്ളതാണ്. അതേസമയം, തണുപ്പ് രൂക്ഷമാവുകയും സാധാരണ ജനങ്ങളെ കഠിനമായി ബാധിക്കുകയും ചെയ്യുന്നു” – പാപ്പ കൂട്ടിച്ചേർത്തു.
“ദുരിതമനുഭവിക്കുന്നവർക്കു വേണ്ടി ഞാൻ പ്രാർഥിക്കുന്നു. അക്രമം അവസാനിപ്പിക്കാനും സമാധാനം കൈവരിക്കാനുള്ള തീവ്രമായ ശ്രമങ്ങൾക്കായുള്ള എന്റെ ആഹ്വാനം ഞാൻ ആവർത്തിക്കുന്നു” – മാർപാപ്പ പറഞ്ഞു.