ബോണ്ടി ബീച്ച്  ഭീകരാക്രമണം, ദുഃഖം പ്രകടിപ്പിച്ച് സിഡ്നി ആര്‍ച്ച് ബിഷപ്പിന് മാര്‍പാപ്പയുടെ സന്ദേശം
 

 
222

റോം: സിഡ്‌നിയിൽ നിരവധിപേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്റെ ഇരകൾക്കും അവരുടെ പ്രിയപ്പെട്ടവർക്കും സാമീപ്യവും ഐക്യദാർഢ്യവും പ്രഖ്യാപിച്ചും പ്രാർത്ഥനകള്‍ വാഗ്ദാനം ചെയ്തും ലെയോ പതിനാലാമന്‍ പാപ്പയുടെ സന്ദേശം.

മാര്‍പാപ്പയുടെ പേരില്‍ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പരോളിനാണ് സിഡ്‌നി ആർച്ച് ബിഷപ്പ് ആന്റണി ഫിഷറിന് ടെലഗ്രാം സന്ദേശമയച്ചത്. സംഭവത്തെ, അവിവേകപരമായ അക്രമപ്രവർത്തിയെന്ന് വിശേഷിപ്പിച്ച പാപ്പ, അക്രമത്തിനുള്ള പ്രലോഭനം നേരിടുന്നവർ, മനപരിവർത്തനത്തിലൂടെ സമാധാനത്തിന്റെയും ഐക്യത്തിന്റെയും മാർഗ്ഗത്തിലേക്ക് മടങ്ങട്ടെയെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

ഓസ്‌ട്രേലിയയിലെ ഏവർക്കും ദൈവാനുഗ്രഹങ്ങളും, സമാധാനവും പാപ്പ ആശംസിച്ചു. പരിക്കേറ്റവർ വേഗം സുഖമാകട്ടെയെന്ന് ആശംസിച്ച പാപ്പ, അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരെക്കുറിച്ച് ദുഃഖിക്കുന്നവർക്ക് സാന്ത്വനം നേരുകയും, മരണമടഞ്ഞവരെ പിതാവായ ദൈവത്തിന്റെ കരുണയ്ക്ക് സമർപ്പിക്കുന്നതായും കുറിച്ചു.

ഡിസംബർ 14 ഞായറാഴ്ച്ച വൈകുന്നേരം, യഹൂദസമൂഹത്തിന്റെ ഹനുക്ക ആഘോഷത്തിനായി ഒത്തുചേർന്ന ആളുകൾക്കിടയിലേക്ക് അക്രമികൾ നടത്തിയ ആക്രമണത്തില്‍ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ പതിനാറു പേരുടെ ജീവനാണ് നഷ്ട്ടമായത്.

Tags

Share this story

From Around the Web