ഫ്രാൻസിസ് മാർപാപ്പയുടെ ഒന്നാം ചരമവാർഷികം: സാന്താ മരിയ മജോറ ബസിലിക്കയിൽ വിപുലമായ ഓർമ്മ പുതുക്കൽ ചടങ്ങുകൾ
അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ഒന്നാം ചരമവാർഷികം ഇന്ന്, ഏപ്രിൽ 21 ചൊവ്വാഴ്ച വത്തിക്കാനിൽ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആചരിക്കുന്നു. 2025 ഏപ്രിൽ 21-ന് കാസ സാന്താ മാർട്ടയിൽ വെച്ചായിരുന്നു പാപ്പാ അന്തരിച്ചത്. തന്റെ ആഗ്രഹപ്രകാരം റോമിലെ സാന്താ മരിയ മജോറാ ബസിലിക്കയിൽ അന്ത്യവിശ്രമം കൊള്ളുന്ന മാർപാപ്പയുടെ സ്മരണയ്ക്കായി പ്രത്യേക പ്രാർത്ഥനകളും ഡോക്യുമെന്ററി പ്രദർശനവുമാണ് വത്തിക്കാൻ ഒരുക്കിയിരിക്കുന്നത്.
ബസിലിക്കയിലെ പൗളിൻ ചാപ്പലിൽ വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന ജപമാല സമർപ്പണത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുന്നത്. മാർപാപ്പ ആയിരുന്ന സമയത്ത് നൂറിലധികം തവണ ഫ്രാൻസിസ് മാർപാപ്പ സന്ദർശിച്ച ഈ ചാപ്പലിൽ അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട ‘സാലസ് പോപ്പുലി റൊമാനി’ മാതാവിന്റെ ചിത്രത്തിന് താഴെയാണ് സ്മാരക ഫലകം അനാച്ഛാദനം ചെയ്യുന്നത്. 160 അക്ഷരങ്ങളുള്ള ലാറ്റിൻ ലിഖിതത്തിൽ, ഈ ബസിലിക്കയോടുള്ള അദ്ദേഹത്തിന്റെ പ്രത്യേക താൽപ്പര്യവും ഭക്തിയും വെങ്കല ഫലകത്തിൽ കൊത്തിവെച്ചിട്ടുണ്ട്.
തുടർന്ന് വൈകുന്നേരം 6 മണിക്ക് നടക്കുന്ന അനുസ്മരണ ദിവ്യബലിയിൽ ആഫ്രിക്കൻ യാത്രയിലുള്ള ലെയോ പതിനാലാമൻ മാർപാപ്പയുടെ സന്ദേശം വായിക്കും. വത്തിക്കാൻ ന്യൂസ് വഴി തത്സമയം സംപ്രേഷണം ചെയ്യുന്ന ഈ ചടങ്ങുകൾ ബസിലിക്കയ്ക്ക് മുന്നിലുള്ള വലിയ സ്‌ക്രീനുകളിലും പ്രദർശിപ്പിക്കും. കൂടാതെ, ഫ്രാൻസിസ് മാർപാപ്പയുടെ ജീവിതവും കാരുണ്യപ്രവർത്തനങ്ങളും വിവരിക്കുന്ന 26 മിനിറ്റ് ദൈർഘ്യമുള്ള പ്രത്യേക ഡോക്യുമെന്ററിയും വത്തിക്കാൻ ന്യൂസ് ഇതോടൊപ്പം പുറത്തിറക്കുന്നുണ്ട്.