അരനൂറ്റാണ്ടിന് ശേഷം സ്വിസ് ഗാർഡിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്ത് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: മാർപാപ്പയുടെയും അപ്പസ്തോലിക കൊട്ടാരത്തിന്റെയും പരിശുദ്ധ സിംഹാസനത്തിന്റെയും സംരക്ഷണചുമതലയുള്ള സായുധ സേനയായ സ്വിസ് ഗാർഡിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ 57 വര്‍ഷങ്ങള്‍ക്ക് ശേഷം പങ്കെടുത്ത് പത്രോസിന്റെ പിന്‍ഗാമി.
1968-ല്‍ പോള്‍ ആറാമന്‍ പാപ്പയ്ക്കു ശേഷം ഇതാദ്യമായാണ് സ്വിസ് ഗാർഡിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ പങ്കെടുക്കുന്നത്.
കഴിഞ്ഞ ദിവസം സ്വിസ്സ് സൈനികവിഭാഗത്തിൽ പുതിയതായി അംഗങ്ങളായവരുടെ സത്യപ്രതിജ്ഞാച്ചടങ്ങിൽ, ലെയോ പതിനാലാമൻ പാപ്പ സംബന്ധിച്ച് സൈനികര്‍ക്ക് ആശംസ നേര്‍ന്നു.
റോം നഗരം, ചരിത്രത്തിലൂടെയുള്ള അവിസ്മരണീയമായ ഒരു യാത്ര നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നുവെന്നും എല്ലാറ്റിനുമുപരിയായി, ക്രിസ്തുവിനെ അനുഗമിച്ച ആദ്യ സാക്ഷികൾ, രക്തസാക്ഷികൾ എന്നിവരുടെയും കൂടിയാണെന്നു പാപ്പ ഓർമ്മപ്പെടുത്തി.
കർത്താവുമായുള്ള നിങ്ങളുടെ ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനും, ആന്തരിക ജീവിതം വളർത്തിയെടുക്കാനും ഇത് സഹായകരമാകട്ടെയെന്നും പാപ്പ ആഹ്വാനം ചെയ്തു. താഴ്മയുള്ളവരും, അനുസരണയുള്ളവരും ആയിക്കൊണ്ട് ക്രിസ്തുവിന്റെ പാഠശാലയിൽ സ്വയം സമർപ്പിച്ചുകൊണ്ട് ഈ ദൗത്യം ഏറ്റെടുത്ത് ജീവിക്കാൻ ഏവരെയും ഓര്‍മ്മിപ്പിക്കുകയാണെന്നും പാപ്പ പറഞ്ഞു.