ഗാസ സമാധാനകരാറിൽ ലോകനേതാക്കൾ പ്രതിജ്ഞാബദ്ധരാകണമെന്ന് ആഹ്വാനം ചെയ്ത് പാപ്പ

ഗാസ സമാധാനകരാറിൽ ലോകനേതാക്കൾ പ്രതിജ്ഞാബദ്ധരാകണമെന്ന് ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ പാപ്പ. അതേസമയം ഇസ്രായേൽ-ഹമാസ് സമാധാനകരാർ എത്രയും വേഗം പൂർത്തിയാകുമെന്ന് പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നടന്ന ദിവ്യബലിയുടെ സമാപനത്തിലാണ് പാപ്പ ഇപ്രകാരം സംസാരിച്ചത്.
“ഗാസയിലെ ആളുകളുടെ കഷ്ടപ്പാടിൽ ഞാൻ ദുഃഖിതനാണ്. ആഗോളതലത്തിൽ ജൂതവിരുദ്ധത വർധിക്കുന്നതിലും ഞാൻ ആശങ്കാകുലനാണ്” – പാപ്പ പറഞ്ഞു. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലെ ഒരു സിനഗോഗിനു നേരെയുണ്ടായ ആക്രമണത്തെക്കുറിച്ചും പാപ്പ ആശങ്ക പ്രകടിപ്പിച്ചു.
പ്രേഷിതരുടെയും കുടിയേറ്റക്കാരുടെയും ജൂബിലി ആഘോഷത്തിന്റെ അവസാനത്തിൽ നടത്തിയ പ്രസംഗത്തിൽ, ജൂബിലിയിൽ പങ്കെടുത്തവരുടെ സാന്നിധ്യത്തിന് മാർപാപ്പ നന്ദി പറഞ്ഞു. “സഭ പൂർണ്ണമായും മിഷനറിയാണ്. നമ്മുടെ മിഷനറി-കുടിയേറ്റ സഹോദരീസഹോദരന്മാർ ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു. വിദേശികളായതിനാലോ, ഉപജീവനത്തിനായോ ആരും പലായനം ചെയ്യാൻ നിർബന്ധിതരാകരുത്. കുടിയേറ്റക്കാരെ ചൂഷണം ചെയ്യുകയോ, അവരോട് മോശമായി പെരുമാറുകയോ ചെയ്യരുത്! മനുഷ്യാന്തസ്സിനു എപ്പോഴും മുൻഗണന നൽകണം” – മാർപാപ്പ പറഞ്ഞു.
ഫിലിപ്പീൻസിലുണ്ടായ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ ഇരകൾക്കായി പ്രാർഥിക്കുന്നുവെന്നും പാപ്പ കൂട്ടിച്ചേർത്തു.