സമാധാനത്തിന്റെ പാലമായി പാപ്പ: അൾജീരിയയിലെ ആദ്യ ദിനം

 
09877

പത്ത് ദിവസം നീണ്ടുനിൽക്കുന്ന ലെയോ പതിനാലാമൻ മാർപാപ്പയുടെ ആഫ്രിക്കൻ പര്യടനത്തിന് അൾജീരിയയിൽ ഉജ്വലതുടക്കം. ഏപ്രിൽ 13 മുതൽ 23 വരെ നീണ്ടുനിൽക്കുന്ന യാത്രയിൽ അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനിയ എന്നീ രാജ്യങ്ങളാണ് പാപ്പ സന്ദർശിക്കുന്നത്. ‘സമാധാനത്തിന്റെ മിഷനറി’ എന്ന നിലയിൽ അൾജീരിയയിലെത്തിയ പരിശുദ്ധ പിതാവ്, മതാന്തര സംഭാഷണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ടാണ് തന്റെ പ്രഭാഷണങ്ങൾ ആരംഭിച്ചത്.

രക്തസാക്ഷികൾക്ക് പ്രണാമം

അൾജിയേഴ്സിൽ വിമാനമിറങ്ങിയ മാർപാപ്പയുടെ ആദ്യ സന്ദർശനം 1954-62 കാലഘട്ടത്തിലെ സ്വാതന്ത്ര്യസമര സേനാനികളുടെ ഓർമ്മയ്ക്കായി നിർമ്മിച്ച ‘മഖാം എച്ചാഹിദ്’ എന്ന രക്തസാക്ഷി സ്മാരകത്തിലേക്കായിരുന്നു. അവിടെ നടന്ന പൊതുസമ്മേളനത്തിൽ, സമാധാനത്തിന്റെ ഭാവി കെട്ടിപ്പടുക്കേണ്ടത് പുതിയ തലമുറയുടെ ഉത്തരവാദിത്തമാണെന്ന് പാപ്പ ഓർമ്മിപ്പിച്ചു. സ്വാതന്ത്ര്യം എന്നത് പാരമ്പര്യമായി ലഭിക്കുന്ന ഒന്നല്ലെന്നും അത് ഓരോ ദിവസവും നാം പുതുതായി തിരഞ്ഞെടുക്കേണ്ട മൂല്യമാണെന്നും പാപ്പ ഊന്നിപ്പറഞ്ഞു.

ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ച

തുടർന്ന് പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ അൾജീരിയൻ പ്രസിഡന്റുമായി പാപ്പ കൂടിക്കാഴ്ച നടത്തി. ജാമ എൽ ജാസിർ കോൺഫറൻസ് സെന്ററിൽ നടന്ന ചടങ്ങിൽ നയതന്ത്ര പ്രതിനിധികളെയും സിവിൽ സമൂഹത്തെയും അഭിസംബോധന ചെയ്ത മാർപാപ്പ, ലോകത്ത് വർധിച്ചുവരുന്ന സംഘർഷങ്ങളിൽ ആശങ്ക രേഖപ്പെടുത്തുകയും മറ്റുള്ളവരുടെ വേദന തിരിച്ചറിയാനും മാനവികതയെ ബഹുമാനിക്കാനും ഭരണാധികാരികൾ തയ്യാറാകണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.

മതാന്തര സാഹോദര്യത്തിന്റെ സന്ദേശം

അൾജിയേഴ്സിലെ ഗ്രേറ്റ് മോസ്ക് സന്ദർശിച്ച മാർപാപ്പ, റെക്ടർ മുഹമ്മദ് മമൂൺ അൽ ഖാസിമിയുമായി ആശയവിനിമയം നടത്തി. മുസ്ലീം ഭൂരിപക്ഷ രാജ്യമായ അൾജീരിയയിൽ ക്രിസ്ത്യൻ ന്യൂനപക്ഷം സജീവമാണെന്ന് ചൂണ്ടിക്കാട്ടിയ മാർപാപ്പ ഇരു മതവിഭാഗങ്ങളും തമ്മിലുള്ള ബഹുമാനവും സഹിഷ്ണുതയും വരുംകാലങ്ങളിൽ ശക്തിപ്പെടേണ്ടതുണ്ടെന്ന് ഓർമ്മിപ്പിച്ചു. തുടർന്ന്, ബാബ് എൽ ഔദിലെ അഗസ്തീനിയൻ മിഷനറി സിസ്റ്റേഴ്സിന്റെ കേന്ദ്രം സന്ദർശിച്ച പാപ്പ, അൾജീരിയൻ ആഭ്യന്തരയുദ്ധത്തിൽ കൊല്ലപ്പെട്ട സന്യാസിനികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

പ്രാർഥനാനിർഭരമായ സായാഹ്നം

ആദ്യദിനത്തിലെ പ്രധാന ചടങ്ങുകൾ അവസാനിച്ചത് അവർ ലേഡി ഓഫീസിൽ ആഫ്രിക്ക ബസിലിക്കയിൽ (Our Lady of Africa) നടന്ന പ്രാർഥനാ സംഗമത്തോടെയാണ്. കനത്ത മഴയെയും കാറ്റിനെയും അവഗണിച്ച് നൂറുകണക്കിന് വിശ്വാസികളും വിവിധ മതവിഭാഗങ്ങളിലുളളവരും മാർപാപ്പയെ സ്വീകരിക്കാൻ അവിടെ തടിച്ചുകൂടിയിരുന്നു. വിഭജനത്തിന്റെ ലോകത്ത് അൾജീരിയയിലെ ഈ ഐക്യം സമാധാനത്തിന്റെ ഒരു വലിയ അടയാളമാണെന്ന് പറഞ്ഞുകൊണ്ടാണ് പരിശുദ്ധ പിതാവ് തന്റെ ആദ്യദിന സന്ദർശനം പൂർത്തിയാക്കിയത്.

Tags

Share this story

From Around the Web